
പാലക്കാട്: വ്യക്തിഗതമായി എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങുമ്പോള്‍ സിബില്‍ സ്‌കോര്‍ കുറയുന്നവരുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നല്‍കാനുള്ള പണത്തിന്റെ പേരില്‍ സ്വന്തം സിബില്‍ സ്‌കോര്‍ കുറയുന്ന ഒരു വിഭാഗമുണ്ട്. കേരളത്തിലെ നെല്‍കര്‍ഷകരാണത്. സിബില്‍ സ്‌കോര്‍ കുറഞ്ഞതോടെ വ്യക്തിഗത വായ്പകള്‍ ലഭിക്കാതായെന്നും, ജീവിതം വഴിമുട്ടി എന്നും പാലക്കാട്ടെ നെല്‍ക്കര്‍ഷകര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പിആര്‍എസ് (paddy receipt sheets) വെല്ലുവിളിയാകുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിദ്യാഭ്യാസ വായ്പ എടുത്തപ്പോഴാണ് പിആര്‍എസ് തങ്ങളുടെ സിബില്‍ സ്‌കോറിനെ ബാധിച്ചതായി അറിയുന്നതെന്നും കര്‍ഷകന്‍ വ്യക്തമാക്കി.
സപ്ലൈക്കോ വഴി ശേഖരിക്കുന്ന നെല്ലിന്റെ വില സര്‍ക്കാര്‍ വായ്പയായിട്ടാണ് നല്‍കുന്നത്. കൃത്യസമയത്ത് സര്‍ക്കാര്‍ തുക ബാങ്കില്‍ അടക്കാത്തതിനാല്‍ ഭാരം മുഴുവന്‍ കര്‍ഷകരുടെ മേലാണ്. സപ്ലെെകോ നെല്ല് സംഭരിച്ചതിന് പിന്നാലെ കനറ ബാങ്ക് പിആര്‍എസ് അനുവദിച്ചതിന്റെയും പിന്നീട് സര്‍ക്കാര്‍ തുക അടക്കാത്തതിനാല്‍ തന്റെ സിബില്‍ സ്‌കോര്‍ കുറഞ്ഞതിന്‍റെ രേഖ കര്‍ഷകന്‍ റിപ്പോർട്ടറിലൂടെ പങ്കുവെച്ചു. റിപ്പോർട്ടർ ടി വി ലെെവത്തോണിലൂടെയാണ് കർഷകർ ആശങ്ക പങ്കുവെച്ചത്.