ചുള്ളിക്കാടിനെ പോലെ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് സ്വരാജ് പ്രഖ്യാപിച്ചിട്ടില്ലായിരുന്നു; അശോകന്‍ ചരുവില്‍

പുരസ്‌കാര നിര്‍ണയത്തില്‍ അക്കാദമി ജൂറിയുടെ തീരുമാനങ്ങളില്‍ ഇടപെടാറില്ലെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.

ചുള്ളിക്കാടിനെ പോലെ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് സ്വരാജ്  പ്രഖ്യാപിച്ചിട്ടില്ലായിരുന്നു; അശോകന്‍ ചരുവില്‍
dot image

തൃശ്ശൂര്‍: ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ എം സ്വരാജ് പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നില്ലെന്ന് സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷന്‍ അശോകന്‍ ചരുവില്‍. അങ്ങനെ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ സ്വരാജിന്റെ പുസ്തകം പുരസ്‌കാരത്തിനായി പരിഗണിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര നിര്‍ണയത്തില്‍ അക്കാദമി ജൂറിയുടെ തീരുമാനങ്ങളില്‍ ഇടപെടാറില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന വിവാദത്തില്‍ മറുപടി പറഞ്ഞുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ അശോകന്‍ ചരുവില്‍ പറഞ്ഞു.

അശോകന്‍ ചെരുവിലിന്റെ പ്രതികരണം

കേരള സാഹിത്യഅക്കാദമി പുരസ്‌കാരങ്ങള്‍.

എനിക്ക് 1998ല്‍ ചെറുകഥാവിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എം.ടി. ആയിരുന്നു അന്ന് പ്രസിഡണ്ട്. ഞാനോ ബന്ധുക്കളോ സുഹൃത്തുക്കളോ അവാര്‍ഡിനു വേണ്ടി അപേക്ഷിച്ചിരുന്നില്ല. പുസ്തകവും അയച്ചിട്ടില്ല. പുസ്തകങ്ങള്‍ അയച്ചു കൊടുക്കാത്തവരേയും പരിഗണിക്കുന്നു എന്നതാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡിനെ കൂടുതല്‍ മേന്മയുള്ളതാക്കുന്നത്.

അപേക്ഷിച്ചും പുസ്തകമയച്ചും (ഇപ്പോള്‍ ചില അവാര്‍ഡ് മാഫിയകള്‍ വലിയ രജിസ്‌ട്രേഷന്‍ ഫീസും വാങ്ങുന്നുണ്ട്) അവാര്‍ഡ് നല്‍കുന്നതും സ്വീകരിക്കുന്നതും ഒരു നിലക്ക് അപമാനകരമായിട്ടാണ് എനിക്കു തോന്നുന്നത്. എഴുത്തിന്റെ ആദ്യകാലങ്ങളില്‍ ഞാന്‍ പല അവാര്‍ഡുകള്‍ക്കും പുസ്തകങ്ങള്‍ അയച്ചു കൊടുത്തിട്ടുണ്ട്. അവാര്‍ഡിനൊപ്പമുള്ള തുകയായിരുന്നു അന്ന് എന്റെ താല്‍പ്പര്യം. വരുമാനമില്ലാത്തതുകൊണ്ട് ജീവിതം അത്രക്ക് ബുദ്ധിമുട്ടേറിയതായിരുന്നു. സാമ്പത്തികമായി ഒരു മട്ടില്‍ കരകയറിയ ശേഷം ഞാന്‍ ഒരു പുരസ്‌കാരത്തിനും പുസ്തകങ്ങള്‍ അയച്ചു കൊടുത്തിട്ടില്ല.


ഓരോ വിഭാഗത്തിലും അവാര്‍ഡിന് അര്‍ഹമായ പത്ത് കൃതികള്‍ തെരഞ്ഞെടുക്കുന്നത് അക്കാദമി ലൈബ്രറിയെ അവലംബമാക്കിയാണ്. ഒന്നുംതന്നെ വിട്ടുപോകരുത് എന്നു കരുതിയാണ് എഴുത്തുകാരോട് കൃതികള്‍ അയക്കാന്‍ ആവശ്യപ്പെടുന്നത്.
പ്രാഥമികലീസ്റ്റ് തയ്യാറാക്കുന്ന സമിതിയിലും ഫൈനല്‍ ജൂറിയിലും അക്കാദമി അംഗങ്ങള്‍ ഉള്‍പ്പെടേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളത്. അധികാരമുണ്ടെങ്കിലും ജൂറിയുടെ തീരുമാനത്തില്‍ എക്‌സികുട്ടീവ് കമ്മിറ്റി ഇടപെടുക പതിവില്ല. ഇതുപറയുമ്പോള്‍ എല്ലാകാലത്തും ഇങ്ങനെ കൃത്യമായാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നു തെറ്റിദ്ധരിക്കരുത്. അതതുകാലത്തെ ഭരണസമിതികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാനദണ്ഡങ്ങളില്‍ ഭേദഗതികള്‍ വരുത്താറുണ്ട്. പ്രാഥമികപരിശോധന മാത്രമല്ല; അന്തിമവിധിയും എക്‌സിക്യുട്ടീവ് / ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതികള്‍ നിശ്ചയിച്ച ചരിത്രമുണ്ട്. ആരുടെ കാലത്താണ് എന്ന് പറയുന്നില്ല.

ഇപ്പോഴത്തെ അക്കാദമി നേതൃത്വം എന്തായാലും അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. കൃത്യവും സുതാര്യവുമാണ് നടപടികള്‍ എങ്കിലും അവാര്‍ഡ് നിര്‍ണ്ണയം ഇപ്പോഴും 'പരിപൂര്‍ണ്ണമായും ശരിയായി' നടക്കുന്നു എന്ന് ഞാന്‍ കരുതുന്നില്ല. വിഷയം സാഹിത്യമായിരിക്കുകയും അഭിരുചികള്‍ വ്യക്തിനിഷ്ഠമായി തുടരുകയും ചെയ്യുന്ന കാലത്തോളം മൂല്യനിര്‍ണ്ണയം എല്ലാവര്‍ക്കുമുള്ള ശരിയാവാനിടയില്ല.

സി.പി.ഐ.എം. നേതാവ് എം.സ്വരാജിന് ഉപന്യാസത്തിനുള്ള സി.ബി.കുമാര്‍ എന്റോവ്‌മെന്റ് പ്രഖ്യാപിച്ചതാണല്ലോ ഇപ്പോഴത്തെ വിമര്‍ശനത്തിനു കാരണം. അവാര്‍ഡിനു വേണ്ടി സ്വരാജോ പ്രസാധകരോ പുസ്തകം അയച്ചിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏറെമുന്‍പ് തന്നെ പ്രാഥമികപരിശോധനയും ജൂറിമാരുടെ തീര്‍പ്പും ഉണ്ടായിക്കഴിഞ്ഞിരുന്നു. കവറുകള്‍ തുറന്ന് ടാബുലേഷന്‍ നടത്താത്തതുകൊണ്ട് സംഗതി ആരും അറിഞ്ഞിരുന്നില്ല എന്നുമാത്രം. നിശ്ചിതകാലയളവിനുള്ളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കൃതി മെച്ചപ്പെട്ടതാണെന്ന് പ്രാഥമികപരിശോധന കമ്മിറ്റിക്ക് തോന്നിയാല്‍ അത് പട്ടികയില്‍ ഉള്‍പ്പെടുത്തുക തന്നെ ചെയ്യും. അക്കാര്യത്തില്‍ ഗ്രന്ഥകാരന്റെ അനുവാദം ചോദിക്കുക പതിവില്ല. അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ താല്‍പ്പര്യമില്ലെങ്കില്‍ ഗ്രന്ഥകാരന് അത് നിരസിക്കാവുന്നതാണ്. ഉചിതമായ ആ നടപടിയാണ് എം.സ്വരാജ് ചെയ്തത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ യാതൊരു പുരസ്‌കാരങ്ങളും സ്വീകരിക്കുകയില്ല എന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളവരെ ലീസ്റ്റില്‍ ഉള്‍പ്പെടുത്താറില്ല. പക്ഷേ സ്വരാജ് അങ്ങനെ പ്രഖ്യാപിച്ചിരുന്നില്ല. അവാര്‍ഡ് കിട്ടാനിടയുള്ള ഒരു സാഹിത്യകാരനാണ് താന്‍ എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല.

ഒരു വായനക്കാരന്‍ എന്ന നിലയില്‍ എം.സ്വരാജിന്റെ പുസ്തകം ഉപന്യാസത്തിനുള്ള ബഹുമതി കിട്ടാന്‍ നൂറുശതമാനം അര്‍ഹമാണെന്ന് ഞാന്‍ പറയും. ഹൃദ്യമായ, വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഗദ്യശൈലിയാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടാണ് ആ പുസ്തകം ഇന്ന് ഡി.സി. ബുക് ഷോപ്പില്‍ നോവലുകള്‍ക്കൊപ്പം ബെസ്റ്റ് സെല്ലര്‍ ആയിരിക്കുന്നത്.

എഴുത്തും വായനയും പൊതുപ്രവര്‍ത്തനത്തിന്റെ ഉപാധിയാക്കുന്നവര്‍ തീരെ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്താണ് എം.സ്വരാജ് വലിയ പ്രതീക്ഷയായി നില്‍ക്കുന്നത്. എഴുത്തും വായനയും അന്യമായവരുടെ ദീനവിലാപങ്ങള്‍ക്കിവിടെ പ്രസക്തിയില്ല.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

അശോകന്‍ ചരുവില്‍

Content Highlights: M Swaraj had not announced that he would not accept the award: Ashokan Charuvil

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us