വന്യജീവി സംരക്ഷണ നിയമം കോണ്‍ഗ്രസുകാര്‍ കൊണ്ടുവന്നത്: പ്രിയങ്കാ ഗാന്ധിക്ക് മറുപടിയുമായി എംവി ഗോവിന്ദന്‍

'മലപ്പുറം ജില്ല രൂപീകരിച്ചാല്‍ കുട്ടിപ്പാക്കിസ്താന്‍ ആകുമെന്ന് പറഞ്ഞത് കോണ്‍ഗ്രസാണ്. അത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. ജില്ലയ്‌ക്കെതിരെ മാര്‍ച്ച് നടത്തിയത് ആര്യാടന്‍ മുഹമ്മദാണ്

dot image

നിലമ്പൂര്‍: വന്യജീവി ആക്രമണ വിവാദത്തില്‍ പ്രിയങ്കാ ഗാന്ധി എംപിക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വന്യജീവി സംരക്ഷണ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസുകാരാണെന്നും ബിജെപിക്കാര്‍ അത് കൂടുതല്‍ കര്‍ശനമാക്കുകയായിരുന്നെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കേണ്ടത് കേന്ദ്രമാണെന്നും പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് സംസ്ഥാനം നടപടികള്‍ എടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി വിവാദത്തില്‍ പ്രിയങ്കാ ഗാന്ധി ഒന്നും പറയാതെ തടിതപ്പി രക്ഷപ്പെടുകയാണെന്നും യുഡിഎഫ് അടിമുടി നിരായുധരായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

'മലപ്പുറം ജില്ല രൂപീകരിച്ചാല്‍ കുട്ടിപ്പാക്കിസ്താന്‍ ആകുമെന്ന് പറഞ്ഞത് കോണ്‍ഗ്രസാണ്. അത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. ജില്ലയ്‌ക്കെതിരെ മാര്‍ച്ച് നടത്തിയത് ആര്യാടന്‍ മുഹമ്മദാണ്. ഇതെല്ലാം മറച്ചുവെച്ചാണ് മലപ്പുറം ജില്ലയെ അപമാനിക്കുന്നുവെന്ന കളളപ്രചാരണം. വിശ്വാസികളുടെ വോട്ട് ഞങ്ങള്‍ക്ക് വേണം. ബിജെപിയുടെ വോട്ട് വേണ്ട, ഒരു വര്‍ഗീയ വാദിയുടെയും വോട്ട് വേണ്ട. വര്‍ഗീയവാദികള്‍ വിശ്വാസികളല്ല'- എം വി ഗോവിന്ദന്‍ പറഞ്ഞു. പി വി അന്‍വര്‍ എല്‍ഡിഎഫിന്റെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്ന ഘടകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. 'നിയമത്തെ കുറ്റം പറഞ്ഞിരിക്കുന്നതില്‍ കാര്യമില്ല. വയനാടിന്റെ ജനപ്രതിനിധിയായിട്ട് ഏഴുമാസമായി. ഇതിനകം വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായ ഒട്ടേറെപ്പേരുടെ കുടുംബങ്ങളുടെ കണ്ണീര്‍ കണ്ടു. വഴിക്കടവില്‍ അനന്തുവെന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. അനധികൃതമായി വൈദ്യുതി വലിക്കുന്ന പ്രശ്‌നം നാട്ടുകാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അടിയന്തരമായി ഇടപെടാനുളള സംവിധാനമാണ് ഉണ്ടാകേണ്ടത്'-എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.

Content Highlights: Wildlife protection act was contribution of congress says mv govindan

dot image
To advertise here,contact us
dot image