
മലപ്പുറം: നിലമ്പൂര്‍ ആയിഷയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. യുഡിഎഫ് അനുഭാവികളില്‍ നിന്ന് നടക്കുന്ന നിന്ദ്യമായ സൈബര്‍ ആക്രമണങ്ങളെ കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍, ഒരു മുതിര്‍ന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാണെന്നും അദ്ദേഹം കുറിച്ചു. 'ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആരായാലും അവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്, നിലമ്പൂര്‍ ആയിഷ എന്ന വ്യക്തി നിങ്ങള്‍ കരുതുന്ന പോലെ തെറിവിളി കൊണ്ട് നിശബ്ദയാക്കാവുന്ന ഒരാളല്ല, കേരളത്തിന്റെ പോരാട്ടവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ്. കാലങ്ങളായി പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഉറച്ചുനിന്ന അവരെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്', സജി ചെറിയാന് പറഞ്ഞു.
നിലമ്പൂര്‍ ആയിഷയോടുള്ള ഈ സൈബര്‍ ആക്രമണങ്ങളെ കേരളം ഒറ്റക്കെട്ടായി തള്ളിക്കളയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സൈബര്‍ ഇടങ്ങളില്‍ വിഷം കലക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം തിരിച്ചറിയുകയും ശക്തമായി എതിര്‍ക്കുകയും ചെയ്യണമെന്നും സാംസ്കാരിക കേരളം പൂര്‍ണ്ണമായും നിലമ്പൂര്‍ ആയിഷയോടൊപ്പം ഉറച്ചുനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സൈബര്‍ ആക്രമണങ്ങളില്‍ ശക്തമായ മറുപടിയുമായി നിലമ്പൂര്‍ ആയിഷയും രംഗത്തെത്തി. അടിയും ഇടിയും ഏറ്റിട്ടും തളര്‍ന്നിട്ടില്ലെന്നും എന്നിട്ടാണോ സൈബര്‍ ആക്രമണമെന്നും നിലമ്പൂര്‍ ആയിഷ ഫേസ്ബുക്കില്‍ കുറിച്ചു. അന്നും ഇന്നും 'ഈ തള്ളച്ചി' പാര്‍ട്ടിയോടൊപ്പം തന്നെയാണെന്നും ആയിഷ മറുപടി നല്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുതിര്‍ന്ന നാടക നടിയും മലയാളത്തിന്റെ അഭിമാനവുമായ നിലമ്പൂര്‍ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ യുഡിഎഫ് അനുഭാവികളില്‍ നിന്ന് നടക്കുന്ന നിന്ദ്യമായ സൈബര്‍ ആക്രമണങ്ങളെ കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍ ശക്തമായി അപലപിക്കുന്നു. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിത്.
നിലമ്പൂര്‍ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ. എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍, ഒരു മുതിര്‍ന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാണ്. ഇത് ഒരു ജനാധിപത്യ പ്രക്രിയയില്‍ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാന്‍ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ്.
ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആരായാലും അവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്, നിലമ്പൂര്‍ ആയിഷ എന്ന വ്യക്തി നിങ്ങള്‍ കരുതുന്ന പോലെ തെറിവിളി കൊണ്ട് നിശബ്ദയാക്കാവുന്ന ഒരാളല്ല, കേരളത്തിന്റെ പോരാട്ടവീര്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതീകമാണ്. കാലങ്ങളായി പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഉറച്ചുനിന്ന അവരെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്.
വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഒരു രാഷ്ട്രീയ ചര്‍ച്ചയുടെ ഭാഗമല്ല എന്നതിനെക്കുറിച്ചും ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് യാതൊരു ധാരണയുമില്ലെന്ന് വ്യക്തം. ഇത് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് തന്നെ കളങ്കമാണ്.
നിലമ്പൂര്‍ ആയിഷയോടുള്ള ഈ സൈബര്‍ ആക്രമണങ്ങളെ കേരളം ഒറ്റക്കെട്ടായി തള്ളിക്കളയണം. സൈബര്‍ ഇടങ്ങളില്‍ വിഷം കലക്കുന്ന ഇത്തരം പ്രവണതകളെ സമൂഹം തിരിച്ചറിയുകയും ശക്തമായി എതിര്‍ക്കുകയും ചെയ്യണം. സാംസ്കാരിക കേരളം പൂര്‍ണ്ണമായും നിലമ്പൂര്‍ ആയിഷയോടൊപ്പം ഉറച്ചുനില്‍ക്കേണ്ടതുണ്ട്.
Content Highlights: Saji Cherian reaction on Cyber attack against Nilambur Ayisha