
നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവില്‍ പതിനഞ്ച് വയസ്സുകാരന്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണ്ണായകമായി പ്രദേശവാസിയുടെ പ്രതികരണം. കാട്ടു പന്നിയെ പിടിച്ച് ഇറച്ചി വില്‍ക്കുന്ന സംഘം സ്ഥാപിച്ച കെണിയില്‍ നിന്നാണ് അനന്തുവിന് ഷോക്കേറ്റതെന്നും പന്നിയുടെ ആക്രമണത്തില്‍ നിന്നും കൃഷി സംരക്ഷിക്കാന്‍ വേണ്ടി സ്ഥാപിച്ച കെണിയല്ലെന്നും പ്രദേശവാസി പറഞ്ഞിരുന്നു. ഇത് സ്ഥിരം പ്രവര്‍ത്തിയാണെന്നും പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇതിനെപ്പറ്റി പലതവണ പറഞ്ഞിട്ടുണ്ട്. അന്‍വറിക്ക വരെ ഉന്നയിച്ചിരുന്നു. അതൊന്നും ആരും പറഞ്ഞിട്ടില്ല. കൃഷി നശിക്കാതിരിക്കാന്‍ വേണ്ടി സ്ഥാപിച്ച പന്നിക്കെണിയല്ല. കൃഷിനശിക്കാതിരിക്കാനാണെങ്കില്‍ നാല് ഭാഗത്തുമാണ് വെയ്ക്കുക. ക്രോസ് ചെയ്ത് വെക്കില്ല. ഇത് ബിസിനസ്സിലായി പന്നിയെ പിടിച്ച് ഇറച്ചി വില്‍ക്കുന്ന ടീമിന്റെ പരിപാടിയാണ്. സ്ഥിരമായി നടക്കുന്ന പരിപാടിയാണ്. അന്നൊന്നും ശ്രദ്ധിച്ചില്ല', പ്രദേശവാസി പ്രതികരിച്ചിരുന്നു
സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ ഷോക്കേറ്റത്. ആകെ അഞ്ച് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷന്‍ കൊടുത്തിരുന്ന അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കേസില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തില്‍ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.
Content Highlights: electric shock trap is for pig meat said native