'മെസി വരും ട്ടാ'; അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്;റിപ്പോർട്ടർ ടിവിക്ക് നന്ദി പറഞ്ഞ് മന്ത്രി വി അബ്ദുറഹിമാൻ

മെസിയേയും ടീമിനേയും കേരളത്തിലേയ്ക്ക് എത്തിക്കാന്‍ പരിശ്രമിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു

dot image

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്നു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. മെസിയേയും ടീമിനേയും കേരളത്തിലേയ്ക്ക് എത്തിക്കാന്‍ പരിശ്രമിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മെസി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഇവന്റ് സ്പോണ്‍സര്‍ ചെയ്യുമെന്നറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ചര്‍ച്ചകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്‍ അറിയിച്ചിരുന്നു. ഇവിടെ സൗകര്യം കുറവെങ്കില്‍ ഫിഫ നിലവാരത്തില്‍ സ്റ്റേഡിയമുണ്ടാക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസിയെ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ മുന്നോട്ടുവെച്ചതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു. അര്‍ജന്റീന മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം എഎഫ്എയെ അറിയിക്കുകയാണ് വേണ്ടത്. അതിന് ശേഷമായിരിക്കും തീയതി അനുവദിച്ച് നല്‍കുക. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു. നിലവിലെ നടപടികള്‍ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തീയതി നിര്‍ദേശിക്കുക. അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlights- Minister v abdurahiman officially confirmed messi and team will visit kerala

dot image
To advertise here,contact us
dot image