
യുവേഫ നേഷന്‍സ് ലീഗ് കലാശപ്പോരില്‍ ഇന്ന് സ്‌പെയ്‌നും പോര്‍ച്ചുഗലും തമ്മില്‍ നേര്‍ക്കുനേര്‍ വരികയാണ്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.30ന് മ്യൂണിക്കിലാണ് കലാശപ്പോരാട്ടം. പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സ്പാനിഷ് കൗമാരതാരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നതിനാല്‍ ആവേശപ്പോരാട്ടം തന്നെയായിരിക്കും ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്.
കിരീടപ്പോരില്‍ സ്പാനിഷ് പടയെ നേരിടുന്നതിന് മുന്‍പായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. 'ഇത് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോര്‍ച്ചുഗലിനും വേണ്ടിയാണ്. നാളെ വീണ്ടും ചരിത്രം സൃഷ്ടിക്കാനുള്ള ദിവസമാണ്', എന്ന ക്യാപ്ഷനോടെ പോര്‍ച്ചുഗല്‍ ജേഴ്‌സിയിലുള്ള ചിത്രമാണ് റോണാള്‍ഡോ പങ്കുവെച്ചത്. കിരീടം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടുള്ള റൊണാള്‍ഡോയുടെ വാക്കുകള്‍ ആരാധകര്‍ക്ക് ആവേശമായിരിക്കുകയാണ്.
40കാരനായ റൊണാള്‍ഡോ പോര്‍ച്ചുഗലിന് വേണ്ടി ഉജ്ജ്വല പ്രകടനമാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ടൂര്‍ണമെന്റ് ടോപ്സ്‌കോറര്‍മാറില്‍ രണ്ടാമതാണ് റൊണാള്‍ഡോ. രാജ്യാന്തര ഫുട്ബാളില്‍ 137 ഗോളുകളും കരിയറില്‍ 937 ഗോളുകളും നേടിയ താരം നേഷന്‍സ് ലീഗിലൂടെ ലക്ഷ്യമിടുന്നത് 2026 ലോകകിരീടത്തിലേക്കുള്ള ഒരു ചുവട് കൂടിയാണ്.
Content Highlights: Cristiano Ronaldo's Instagram Post before UEFA Nations League final