
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തുതന്നെ. രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
വരുന്ന രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനത്തുതന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. വ്യാഴാഴ്ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. വെള്ളിയാഴ്ച ആറ് ജില്ലകളില്‍ അതിതീവ്ര മഴമുന്നറിയിപ്പാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ശനിയാഴ്ച ഒരു ജില്ലയിലും റെഡ് അലേര്‍ട്ടില്ല. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.
കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള പ്രധാന പാതയായ കൊട്ടിയൂര്‍-പാല്‍ച്ചുരം റോഡില്‍ ഇന്നലെ രാത്രി മണ്ണിടിഞ്ഞ് അപകടമുണ്ടായി. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും ജില്ലാ കളക്ടര്‍ നിരോധിച്ചു. പകരം പേരിയ ചുരം റോഡ് വഴി വാഹനങ്ങള്‍ കടന്നു പോകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കാര്‍ഷിക മേഖലയില്‍ മാത്രം നാലരക്കോടിയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മലയോര മേഖലകളില്‍ ഉള്‍പ്പെടെ കാര്‍ഷിക ഉത്പന്നങ്ങളെ മഴ സാരമായി ബാധിച്ചു. 101.47 ഹെക്ടര്‍ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. കെഎസ്ഇബിക്കും ഒന്‍പത് കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 1,388 വൈദ്യുതി പോസ്റ്റുകളാണ് കനത്ത മഴയിലും കാറ്റിലും തകര്‍ന്നത്.
ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ശക്തമായ കാറ്റില്‍ പെട്ടിക്കട ദേഹത്ത് വീണ് പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. കലവൂര്‍ സ്വദേശി ആദര്‍ശാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ആദര്‍ശിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിനാണ് ഗുരുതരമായി പരിക്കേറ്റത്. നിലവില്‍ അരയ്ക്ക് താഴേക്ക് തളര്‍ന്ന നിലയിലാണ്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തി ആദര്‍ശിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദര്‍ശും സുഹൃത്ത് നിത്യയും അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിത്യ അന്നുതന്നെ മരിച്ചിരുന്നു
ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് നേരിയ ശമനം വന്നതോടെ കല്ലാര്‍കുടി, പാംബ്ല അണക്കെട്ടുകളില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. പാംബ്ലയില്‍ രണ്ട് ഷട്ടറുകള്‍ അടച്ചു. ഇരട്ടയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് തുടരുന്നതിനാല്‍ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ നാല് ക്യാമ്പുകളിലായി 151 പേരാണ് കഴിയുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 44 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി ഏഴ് കുടുംബങ്ങളില്‍ നിന്ന് 30 പേരും വടകര താലൂക്കില്‍ ഒരു ക്യാമ്പില്‍ 36 കുടുംബങ്ങളില്‍ നിന്നുള്ള 119 പേരും കൊയിലാണ്ടി താലൂക്കിലെ ക്യാമ്പില്‍ രണ്ട് പേരുമാണുള്ളത്.
Content Highlights- Red alert for two districts today in kerala