'നിലമ്പൂരിൽ അൻവർ എഫക്ടുണ്ടെന്ന് മുമ്പും പറഞ്ഞിട്ടില്ല, ഇനിയും പറയില്ല; സ്ഥാനാർത്ഥിയെ 30ന് പ്രഖ്യാപിക്കും'

ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഉള്‍പ്പെടെ ചേര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് നില്‍ക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

dot image

കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ മാസം 30ന് പ്രഖ്യാപിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഇനിയും സമയം ബാക്കിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'കഴിഞ്ഞ പാര്‍ലമെന്റിലും അതിന് ശേഷം ഉപതിരഞ്ഞെടുപ്പിലും കണ്ടത് പോലെ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും ഉള്‍പ്പെടെ ചേര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് നില്‍ക്കുന്നു. എല്ലാവരുടെയും പൊതു ശത്രു സിപിഐഎമ്മാണ്. നല്ല സംഘര്‍ഷത്തിലാണ് യുഡിഎഫുള്ളത്. അവരുടെ ഇടയിലെ പ്രശ്‌നമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അന്‍വറുമായുള്ള പ്രശ്‌നം മാത്രമല്ല, അവര്‍ക്കിടയില്‍ തന്നെ വലിയ പ്രശ്‌നമാണുള്ളത്', എം വി ഗോവിന്ദന്‍ പറഞ്ഞു.

M V Govindan
എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

സിപിഐഎമ്മിനെ സംബന്ധിച്ച് അന്‍വര്‍ വലിയ പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടി അംഗം പോലും അന്‍വറിനൊപ്പം പോയില്ലെന്നും അതൊരു അത്ഭുതകരമായ സംഭവമല്ലേയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 'ഇത്രയും കാലം എംഎല്‍എയായി, നമ്മള്‍ സ്വതന്ത്രനായി മത്സരിപ്പിച്ച് വിജയിപ്പിച്ച അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണി വിട്ട് പോകുമ്പോള്‍ ഒരു പാര്‍ട്ടി മെമ്പര്‍ പോലും പാര്‍ട്ടി വിട്ട് പോയിട്ടില്ലെന്നതാണ് നിലമ്പൂരിന്റെ പ്രത്യേകത. നിലമ്പൂരില്‍ അന്‍വര്‍ എഫക്ടുണ്ടെന്ന് മുമ്പും പറഞ്ഞിട്ടില്ല, ഇനിയും പറയില്ല', അദ്ദേഹം പറഞ്ഞു.

പി വി അന്‍വറും യുഡിഎഫും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് അന്‍വറിന് അഭിപ്രായ വ്യത്യാസമുണ്ടെന്നും ജനങ്ങള്‍ക്കും ഇതേ അഭിപ്രായ വ്യത്യാസമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖത്ത് കരിവാരി എറിയുന്നു എന്നാണ് അന്‍വര്‍ പറയുന്നത്. കാല് പിടിച്ചിട്ടും അവര്‍ക്കത് മനസ്സിലാകുന്നില്ല എന്ന പ്രയാസമാണ് പി വി അന്‍വര്‍ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമായിരിക്കും നിലമ്പൂരില്‍ നടക്കുകയെന്നും ഉജ്ജ്വല വിജയമുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിലമ്പൂരിലെ ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും. ഈ തിരഞ്ഞെടുപ്പിലും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളിലും ഇന്നത്തേക്കാള്‍ ശക്തിയായി എല്‍ഡിഎഫ് വരുമെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും അന്‍വര്‍ പ്രതികരിച്ചു.

Content Highlights: M V Govindan about Nilambur By Election and P V Anvar

dot image
To advertise here,contact us
dot image