
നിലമ്പൂര്‍: കോണ്‍ഗ്രസില്‍ നിന്നുണ്ടായ അവഗണനകള്‍ എണ്ണിപ്പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എുമായ പി വി അന്‍വര്‍. വിഡി സതീശന്‍ ചെളി വാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് പി വി അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താന്‍ അധിക പ്രസംഗിയാണ്. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി താന്‍ കാല് പിടിക്കാനില്ല. കത്രിക പൂട്ടിട്ട് പൂട്ടാന്‍ നോക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. അക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും തനിക്ക് വേണ്ടി ഇടപെട്ടു. തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അവര്‍ ഇരുവരുമാണ്. എന്നാല്‍ വി ഡി സതീശന്‍ അടക്കം മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും പി വി അന്‍വര്‍ പറഞ്ഞു.
യുഡിഎഫിന് കത്ത് നല്‍കി നാല് മാസമായെന്നും പി വി അന്‍വര്‍ പറഞ്ഞു. ഈ മാസം രണ്ടിന് യുഡിഎഫ് യോഗം ചേര്‍ന്നു. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പത്രസമ്മളനം നടത്തി. കാര്യങ്ങള്‍ തീരുമാനിക്കാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തി. രണ്ട് ദിവസംകൊണ്ട് തീരുമാനം പ്രഖ്യാപിക്കം എന്നാണ് പറഞ്ഞത്. അതിന് ശേഷം വി ഡിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഈ മാസം 15ന് വി ഡിയുമായി ചര്‍ച്ച നടത്തി. രണ്ട് ദിവസം കൊണ്ട് പ്രഖ്യാപനം നടത്തും എന്ന് വി ഡി ഉറപ്പ് പറഞ്ഞു. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മുന്നണി ആക്കാമെന്ന് പറഞ്ഞപ്പോള്‍ അതും സമ്മതിച്ചു. എന്നാല്‍ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേയ്ക്ക് വിടുകയാണ് ചെയ്തതെന്ന് പി വി അന്‍വര്‍ പറഞ്ഞു.
താന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത് വന നിയമ ഭേദഗതി ബില്ലടക്കം ഉയര്‍ത്തിയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. മൂന്നാമതും പിണറായി സര്‍ക്കാര്‍ വരുമെന്ന നരേഷന്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് അല്ല യുഡിഎഫാണ് അധികാരത്തില്‍ വരാന്‍ പോകുന്നത് എന്ന് തെളിയിക്കാനാണ് ഉദ്ദേശിച്ചത്. അതിനുതകുന്ന സ്ഥാനാര്‍ത്ഥിയാണ് വേണ്ടത്. ഷൗക്കത്തുമായി അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ ലക്ഷ്യത്തേക്കാള്‍ അത് വലുതല്ല. ഒരാള്‍ക്കും എതിര്‍പ്പില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് വേണ്ടതെന്നായിരുന്നു താന്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയുടെ കുഴപ്പം കൊണ്ട് വോട്ട് പോകാന്‍ പാടില്ല. ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അന്‍വര്‍ അധിക പ്രസംഗിയാണെന്നാണ് പറഞ്ഞത്. താന്‍ എവിടെയാണ് അധിക പ്രസംഗം നടത്തിയതെന്ന് അന്‍വര്‍ ചോദിച്ചു. തന്റെ വ്യക്തിപരമായ അഭിപ്രായ വ്യത്യാസമാണ് ഷൗക്കത്തുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും പി വി അന്‍വര്‍ പറഞ്ഞു.
താന്‍ ധിക്കാരിയെന്ന് പ്രചാരണം നടക്കുന്നതായും പി വി അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ കള്ളക്കടത്തുകാരനായി ചിത്രീകരിക്കാന്‍ ശ്രമം നടന്നു. അത് വിശദീകരിക്കേണ്ട സാഹചര്യം വന്നു. കേരളത്തില്‍ വന നിയമ ഭേദഗതി ബില്‍ കൊണ്ട് വരാന്‍ ശ്രമം നടന്നപ്പോള്‍ താന്‍ അതിനെ ശക്തമായി എതിര്‍ത്തു. കാടന്‍ നിയമമായിരുന്നു അത്. അങ്ങനെ ഒരു ബില്ലിന്റെ കാര്യം ജനങ്ങളോട് പറഞ്ഞത് താനായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ പിന്തുണയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടതായും പി വി അന്‍വര്‍ ആരോപിച്ചു. പാലക്കാട് ബിജെപിയായിരുന്നു വിഷയം. അതുകൊണ്ട് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. പ്രതിപക്ഷ നേതാവുമായാണ് സംസാരിച്ചത്. അങ്ങനെയാണ് സ്ഥാനാര്‍ത്ഥി മിന്‍ഹാജിനെ പിന്‍വലിച്ച് യുഡിഎഫിന് പിന്തുണ നല്‍കിത്. മിന്‍ഹാജിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടുത്താന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫ് മിന്‍ഹാജിനെ പരിഗണിച്ചില്ല. റിസള്‍ട്ട് വരുന്നതിന് മുന്‍പോ ശേഷമോ നന്ദി പറയാന്‍ പോലും തയ്യാറായില്ല. അപമാനിതനായി പാര്‍ട്ടി വിട്ട മിന്‍ഹാജ് സിപിഐഎമ്മില്‍ ചേര്‍ന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.
Content Highlights- P V Anvar reply to v d satheesan and congress