കുറ്റം ചെയ്ത ഒരാൾ പോലും സംരക്ഷിക്കപ്പെടുന്നില്ല; കേരള പൊലീസിന് പ്രശംസയുമായി മുഖ്യമന്ത്രി

'ഒരുതരത്തിലുള്ള ബാഹ്യ ഇടപെടലുകളും ഇവിടെ നടക്കുന്നില്ല, തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കാൻ കേരള പൊലീസിന് കഴിയുന്നുണ്ട്'

dot image

തിരുവനന്തപുരം: കേരള പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് സേനയുടെ മുഖച്ഛായ മാറ്റിയത് ദുരന്ത മുഖങ്ങളിലെ ഇടപെടലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തെളിയിക്കാൻ കഴിയാത്ത അനവധി കേസുകൾ പൊലീസിന് തെളിയിക്കാനായെന്നും അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പൊലീസിനായെന്നും പിണറായി വിജയൻ പറഞ്ഞു. ഏതു പ്രതിസന്ധിയിലും ആശ്രയിക്കാൻ കഴിയുന്ന ജനകീയ സംവിധാനമായി കേരള പൊലീസ് മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പൊലീസ് സ്റ്റേഷനുകൾ നവീകരിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി. കുറ്റം ചെയ്ത ഒരാൾ പോലും സംരക്ഷിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകളും ഇവിടെ നടക്കുന്നില്ല എന്നും പരാമർശിച്ചു. തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കാൻ കേരള പൊലീസിന് കഴിയുന്നുണ്ട്. പൊലീസ് സംഘടനകൾക്കും ഉത്തരവാദിത്തങ്ങൾ ഉണ്ട്. കേരള പൊലീസിനെ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യണം. നീതിയുക്തമായി പ്രവർത്തിച്ചാൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഏത് അന്വേഷണവും കൃത്യമായ മെരിറ്റിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കണം. നേർവഴിക്ക് നീങ്ങുന്ന ഒരു ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടാകില്ല. അല്ലാത്തപക്ഷം കൃത്യമായ നടപടികൾ ഉണ്ടാകും. സമ്മർദ്ദം ഉള്ള ജോലിയാണിതെന്നും ജോലി സമയം കഴിഞ്ഞ് കുടുംബവുമായി ചെലവഴിക്കണമെന്നും അത് മനസ്സ് ശാന്തമാകാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ പത്താമത്തെ വർഷത്തിലേയ്ക്ക് കടന്നിരിക്കുകയാണെന്നും തുടർഭരണം ചരിത്രം തിരുത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. എല്ലാവർക്കും വികസനത്തിൻ്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി. നവംബർ 1 ന് കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും.

Content Highlights: Chief Minister Pinarayi Vijayan praises Kerala Police

dot image
To advertise here,contact us
dot image