അൻവറിൻ്റെ കാത്തിരിപ്പ് വിഫലം; കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് തുറന്നടിച്ച് കെ സി വേണുഗോപാൽ

അന്‍വറിനെ താന്‍ കാണുമെന്ന് ആര് പറഞ്ഞെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു

dot image

കോഴിക്കോട്: നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറാകാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അന്‍വറുമായി കൂടിക്കാഴ്ച്ചയില്ലെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് വെട്ടിത്തുറന്ന് പറഞ്ഞു. അന്‍വറിനെ താന്‍ കാണുമെന്ന് ആര് പറഞ്ഞെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഒരു കൂടിക്കാഴ്ച്ചയും ആരും തീരുമാനിച്ചിട്ടുമില്ല, തന്നോട് പറഞ്ഞിട്ടുമില്ല. എല്ലാം ഭാവന സൃഷ്ടികള്‍ മാത്രമാണെന്നും പറയേണ്ട കാര്യം താന്‍ ഉച്ചയ്ക്ക് പറഞ്ഞിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ തുറന്നടിച്ചു. കേരളത്തിലെ കൊള്ളാവുന്ന നേതൃത്വം വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ കെ സി വേണുഗോപാല്‍ കൂടിക്കാഴ്ച റദ്ദാക്കിയത് അവസാന നിമിഷം എന്ന് പി വി അന്‍വര്‍. അഞ്ചു മണിക്ക് കോഴിക്കോട് എത്താനായിരുന്നു നിര്‍ദ്ദേശം. അഞ്ചു മണി മുതല്‍ കെസി വേണുഗോപാലിനെ കാണാന്‍ കാത്തിരുന്നുവെന്നും ഇപ്പോഴും കോഴിക്കോട് കാത്തിരിക്കുന്നതായും പി വി അന്‍വറും പ്രതികരിച്ചു. അന്‍വര്‍ കോഴിക്കോട് ടൗണില്‍ തുടരുന്നുണ്ടെങ്കിലും കൂടിക്കാഴ്ച്ച ഇതുവരെ നടന്നിട്ടില്ല. കെ സി വേണുഗോപാല്‍ ഉടന്‍ തന്നെ ഡല്‍ഹിയിലേക്ക് മടങ്ങും.

ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ യുഡിഎഫ് അവഗണിക്കുന്നതിലെ രോഷവും വേദനയും വൈകാരികമായി പി വി അന്‍വർ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച അൻവർ കെ സി വേണുഗോപാലിലാണ് ഇനി തന്‌റെ പ്രതീക്ഷയെന്നും വ്യക്തമാക്കിയിരുന്നു. യുഡിഎഫുമായി സഹകരിക്കുന്നതില്‍ അന്‍വര്‍ വ്യക്തത വരുത്തട്ടെ എന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകളായിരുന്നു അന്‍വറിനെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരി എറിയുകയാണെന്നും അന്‍വര്‍ തുറന്നടിച്ചിരുന്നു.

വാർത്താ സമ്മേളനത്തിന് പിന്നാലെ മണ്ഡലത്തില്‍ അന്‍വറിനെ പിന്തുണച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. യുഡിഎഫ് പ്രവേശനത്തിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പിവി അന്‍വര്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉച്ചയ്ക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും അന്‍വറിനെ ഒറ്റപ്പെടുത്തണമെന്ന ചിന്ത ഇല്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകും. ആശയവിനിമയത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തിരുന്നു.

പി വി അന്‍വര്‍ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ 23-നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

content highlights: AICC General Secretary KC Venugopal not ready to meet Trinamool Congress leader PV Anwar

dot image
To advertise here,contact us
dot image