
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിൻ്റെ മുഖവില തന്നെ സമ്മാനമായി നൽകുന്ന രീതി ഇനിയില്ല. ജൂൺ ആദ്യവാരത്തിലെ ഭാഗ്യക്കുറി മുതലാണു മാറ്റമെന്നു മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
50 രൂപയുടെ ടിക്കറ്റിന് അതേ തുക സമ്മാനമായി നൽകുന്നതുകൊണ്ടു തങ്ങൾക്കു ഗുണമില്ലെന്ന ഏജൻ്റുമാരുടെയും വിതരണക്കാരുടെയും അഭിപ്രായം പരിഗണിച്ചാണു ചെറിയ സമ്മാനം ഒഴിവാക്കുന്നത്. കൂടുതൽ ആളുകളെ ആകർഷിക്കുന്ന വിധം 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടും. 2000 രൂപയുടെയും 200 രൂപയുടെയും സമ്മാനങ്ങൾ വീണ്ടും ഏർപ്പെടുത്തും.ഒന്നര ലക്ഷത്തോളം ആളുകൾ ഭാഗ്യക്കുറിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുണ്ട്. 43 കോടി രൂപ വർഷംതോറും ക്ഷേമ പദ്ധതികൾക്കായി വിതരണം ചെയ്യുന്നുണെന്നും മന്ത്രി പറഞ്ഞു.
Content Highlight: Change in State Lottery Prize Structure: Rs 2000, Rs 200 prizes come back