'സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അൻവറുമായി സംസാരിച്ചിട്ടില്ല; സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു': സണ്ണി ജോസഫ്

' കെ സുധാകരന്‍ അന്‍വറുമായി സംസാരിച്ചിരുന്നു. ആവശ്യമായ ചര്‍ച്ചകള്‍ നടത്തും'

dot image

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറുമായി സംസാരിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്കന്മാര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അന്‍വറുമായി സംസാരിച്ചിരുന്നു. ആവശ്യമായ ചര്‍ച്ചകള്‍ നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. അന്‍വര്‍ പൂര്‍ണമായും സഹകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളെയാണ് എതിര്‍ത്തതെന്നാണ് അന്‍വര്‍ ഇന്നലെ മാധ്യമങ്ങളെക്കണ്ടപ്പോള്‍ പറഞ്ഞത്. അന്‍വര്‍ ഉയര്‍ത്തിയ ജനകീയ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ വിഷയങ്ങള്‍ തന്നെയാണ് യുഡിഎഫും തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. വിഷയാധിഷ്ഠിത സഹകരണം അന്‍വറില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു.

മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്‌യുടെ പേരും സജീവമായി ഉണ്ടായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. അവസാനം ഒറ്റ പേരിലേയ്ക്ക് ചുരുങ്ങുകയായിരുന്നു. ജോയി മികച്ച നേതാവാണ്. താനൊന്നും ഗോഡ്ഫാദറിന്റെ പിന്തുണയോടെയല്ല വന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

പി വി അന്‍വര്‍ രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റേയും വി എസ് ജോയ്‌യുടെ പേരായിരുന്നു ആദ്യം ഉയര്‍ന്നുകേട്ടത്. വി എസ് ജോയ്‌യുടെ പേര് ഉയര്‍ത്തിയത് അന്‍വറായിരുന്നു. മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ വ്യക്തമായി അറിയുന്ന വ്യക്തിയാണ് ജോയ്യെന്നും അതുകൊണ്ടുതന്നെ ജോയ്‌യെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. എന്നാല്‍ അന്‍വറിന് വഴങ്ങാതെ ആര്യാടന്‍ ഷൗക്കത്തിനെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് അന്‍വര്‍ രംഗത്തെത്തിയിരുന്നു. വി എസ് ജോയ്ക്ക് ഗോഡ്ഫാദറില്ലെന്നും അദ്ദേഹം സൈഡ്‌ലൈന്‍ ചെയ്യപ്പെട്ടുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

Content Highlights- There is no contact with p v anvar after udf candidateship announcement says KPCC president Sunny Joseph

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us