

ബെയ്ജിങ്: മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇറാന്റെ പരമാധികാരവും സുരക്ഷയും പ്രാദേശിക സമഗ്രതയും മാനിക്കണമെന്നും മുജ്തബയുടെ സ്ഥാനാരോഹണം ഇറാന്റെ ആഭ്യന്തര വിഷയമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.
മുജ്തബ ഖമനയിയെ പരമോന്നത നേതാവായി നിയോഗിച്ചത് ഇറാനിലെ ഭരണഘടനാപരമായ പ്രക്രിയയിലൂടെയാണ്. അത് അവരുടെ ആഭ്യന്തര വിഷയമാണ്. എന്ത് ന്യായീകരണമുണ്ടെങ്കിലും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനെ എതിർക്കുമെന്നും ഗുവോ ജിയാകുൻ പറഞ്ഞു. പുതിയ നേതാവ് മുജ്തബയ്‌ക്കെതിരായ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണിയെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഗുവോ ജിയാകുനിന്റെ പ്രതികരണം. മുജ്തബയെ ലക്ഷ്യം വെച്ചുള്ള ഏതൊരു നീക്കത്തെയും എതിർക്കുമെന്ന് വ്യക്തമാക്കുന്നതാണ് ചൈനയുടെ ഈ നിലപാട്.
നേരത്തേ, ഇറാൻ പുതിയ നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ തങ്ങളെ കൂടി പങ്കെടുപ്പിക്കണമെന്നും ഇല്ലെങ്കിൽ തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് അധികകാലം ആയുസ് ഉണ്ടാകില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെടുന്നത് ആരാണോ അവർ അക്രമിക്കപ്പെടുമെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. ഇതിനെല്ലാം ഇടയിലാണ് മുജ്തബ ഖമനയി പുതിയ പരമോന്നത നേതാവായി ചുമതലയേൽക്കുന്നതും ചൈന അതിനെ പിന്തുണച്ച് രംഗത്ത് വരുന്നതും. ആയത്തുള്ള ഖമനയിയുടെ മകൻ എന്നതിനപ്പുറം ഇറാന്റെ ഭരണരംഗത്ത് ഔദ്യോഗിക പദവികളൊന്നും അലങ്കരിച്ചിട്ടില്ലാത്ത ആളാണ് മുജ്തബ ഖമനയി.
അതേസമയം പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുജ്തബ ഖമനയിക്ക് പിന്തുണയുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രംഗത്തെത്തി. ഇറാനുള്ള അചഞ്ചലമായ പിന്തുണയും ഇറാനിലെ സുഹൃത്തുക്കളോടുള്ള ഐക്യദാർഢ്യവും താൻ വീണ്ടും ഉറപ്പിച്ചു പറയുന്നു എന്നാണ് മുജ്തബയ്ക്ക് അയച്ച സന്ദേശത്തിൽ പുടിൻ പറഞ്ഞത്.
ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന് പേരിട്ട ആക്രമണത്തിലാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി വധിക്കപ്പെട്ടത്. ഇതിന് ഒരാഴ്ചയ്ക്ക് ശേഷം 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിർണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേർട്‌സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
Content Highlights: China said Iran’s appointment of Mojtaba Khamenei as supreme leader is an internal matter and opposed any attempt to target him while urging respect for Iran’s sovereignty.