
കൊല്ലം: അറബിക്കടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് സംശയിക്കുന്നവയിൽ ഒരു കാരണവശാലും തൊടരുത് എന്ന് വീണ്ടും മുന്നറിയിപ്പ്. വെള്ളവുമായി ചേർന്നാൽ തീ പിടിക്കാവുന്ന രാസവസ്തുക്കൾ ഉണ്ടെന്നും ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കാൽഷ്യം കാർബൈഡ് എന്ന, വെള്ളവുമായി ചേർന്നാൽ തീ പിടിക്കാവുന്ന അസെറ്റിലിൻ ഗ്യാസ് പുറപ്പെടുവിക്കുന്ന, പൊള്ളലുണ്ടാക്കുന്ന തരത്തിലുള്ള വസ്തുവുംചില കണ്ടെയ്നറുകളിൽ ഉണ്ട്. ഇവ അടങ്ങിയിരുന്ന കണ്ടെയ്നറുകളാണോ കൊല്ലം തീരങ്ങളിൽ അടിഞ്ഞത് എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. അതുകൊണ്ടും കൂടിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അധികൃതർ വസ്തുക്കൾ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. 200 മീറ്റർ എങ്കിലും ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണം. സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അപ്പോൾത്തന്നെ 112ൽ വിളിക്കാനും മുന്നറിയിപ്പുണ്ട്.
ഇന്നലെ രാത്രി മുതലാണ് എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകൾ കൊല്ലത്തെ തീരപ്രദേശങ്ങളിൽ അടിഞ്ഞുതുടങ്ങിയത്. അഴീക്കൽ, ചവറ, ശക്തികുളങ്ങര തീരപ്രദേശങ്ങളിലാണ് കണ്ടെയ്‌നറുകൾ അടിഞ്ഞത്. ഇനിയും കണ്ടെയ്‌നറുകൾ കറായ്കിടഞ്ഞേക്കുമെന്നാണ് സൂചന. അതിനാൽ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്‌നറില്‍ ചൈന ഗ്രീന്‍ ടീ മാത്രമായാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു കണ്ടെയ്‌നറില്‍ മാത്രമേ തേയിലയുള്ളൂവെന്നും ബാക്കിയെല്ലാം ശൂന്യമാണെന്നുമാണ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചത്. കണ്ടെയ്‌നര്‍ നമ്പര്‍ പരിശോധിച്ചാല്‍ കണ്ടെയ്‌നറില്‍ എന്താണ് ഉള്ളതെന്ന് വ്യക്തമാകുമെന്നും തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകളില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞിട്ടുണ്ട്.
Content Highlights: KSDMA issues warning to containers coming to seabeds