
കൊല്ലം: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കൊല്ലം തീരത്ത്. ചെറിയ അഴീക്കലിലും കൊല്ലം ചവറ പരിമണത്തുമായി മൂന്നെണ്ണവും ശക്തികുളങ്ങര മദാമത്തോപ്പിൽ ഒരെണ്ണവുമാണ് കരയ്ക്കടിഞ്ഞത്. കടൽ ഭിത്തിയിലിടിച്ച് തുറന്ന നിലയിലായിരുന്നു ഇവ. പ്രദേശത്ത് നിന്ന് വീട്ടുകാരെ ഒഴിപ്പിച്ചു. തീരമേഖലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കണ്ടെയ്‌നര്‍ കടലിലേക്ക് വീണ സംഭവത്തിന് പിന്നാലെ ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ കഴിഞ്ഞ ദിവസം ഓയിലിൻ്റെ സാന്നിധ്യം കണ്ടതായി സംശയമുയർന്നിരുന്നു. ഇതേ തുടർന്ന് തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റർ അകലെവെച്ച് നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്. പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിൻ്റെ നേത്യത്വത്തില്‍ വെള്ളം പരിശോധനയ്ക്കയച്ചിട്ടുണ്ട്. വെള്ളത്തില്‍ ഓയിലിൻ്റെ അംശമുണ്ടോയെന്നത് സംബന്ധിച്ച് പരിശോധനയില്‍ കണ്ടെത്താനാകും.
കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ അടക്കമുള്ള തീരമേഖലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിരുന്നു.
മറൈന്‍ ഗ്യാസ് യില്‍, വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ എന്നിവയാണ് കണ്ടെയ്നറുകളില്‍ ഉളളതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്നറുകള്‍ തെന്നിയതാകാം അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Containers from a cargo ship found in the Kollam coast