ചെറുപുഴയിൽ കുട്ടിയെ മർദിച്ച സംഭവം; അച്ഛന്റെ പ്രാങ്ക് വീഡിയോ കഥ പൊളിയുന്നു

പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത് എന്നായിരുന്നു ജോസ് പൊലീസിനോട് ആവർത്തിച്ചത്

dot image

കണ്ണൂർ: ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടികളുടെ മൊഴി പുറത്ത്. പിതാവ് ജോസ് ഇതിന് മുൻപും പലതവണ കുട്ടികളെ മർദ്ദിച്ചിട്ടുണ്ടെന്നും മദ്യപിച്ച് വീട്ടിലേക്ക് എത്തിയാൽ പൊതിരെ തല്ലുമായിരുന്നുവെന്നും കുട്ടികൾ പറഞ്ഞു. നിസാരമായ പ്രശ്നങ്ങൾക്ക് പോലും തല്ലുമായിരുന്നു. അമ്മയ്ക്ക് കൂടുതൽ ഇഷ്ടം മകളോടാണെന്നും അതിനാലാണ് മർദ്ദിച്ചത് എന്നുമാണ് വിലയിരുത്തപ്പെടുന്നത്. സിഡബ്യുസിക്കാണ് കുട്ടികൾ അതീവ ഗൗരവമുള്ള മൊഴി നൽകിയത്.

കൗൺസിലിംഗിന് ശേഷം വിശദമായ മൊഴി എടുക്കും. പ്രാങ്ക് വീഡിയോ കഥ പൊളിക്കുന്നതാണ് കുട്ടികളുടെ മൊഴി.

പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത് എന്നായിരുന്നു ജോസ് പൊലീസിനോട് ആവർത്തിച്ചത്. എന്നാൽ ഈ മൊഴി പൂർണ്ണമായും പൊലീസ് വിശ്വസിച്ചിരുന്നില്ല.

കഴിഞ്ഞ 19-നാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഇത് ഭാര്യക്ക് അയച്ചു നൽകിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് മക്കളെയും സിഡബ്യുസി സംരക്ഷണയിലേക്ക് മാറ്റിയിരുന്നു. അതിഭീകരമായ പിതാവിൻ്റെ മർദ്ദനം പ്രാങ്കാണ് എന്ന് വിശ്വസിച്ച് കേസെടുക്കാതിരുന്ന പൊലീസ് റിപ്പോർട്ടർ ടിവി സംഭവം വാർത്തയാക്കിയതിന് പിന്നാലെയായിരുന്നു നടപടി സ്വീകരിച്ചത്.

സ്വന്തം മകളെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ അടങ്ങിയ വാർത്ത റിപ്പോർട്ടർ ടിവിയാണ് ആദ്യം പുറത്തുവിട്ടത്. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവർത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിന്റെ വിശദീകരണം.

ഇത് വിശ്വസിച്ച് പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. എന്നാൽ കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. ഇതോടെ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് മടിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുകയായിരുന്നു. പിന്നാലെ സംഭവത്തിൽ കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു.

മകളെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ പൊലീസിന് പരാതി നൽകിയിരുന്നു. ക്രൂരതയാണ് പിതാവ് കാണിച്ചതെന്നും ഇതൊന്നും തമാശയല്ലെന്നും ബന്ധു റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ജോസ് മുമ്പും മക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് മറ്റൊരു ബന്ധുവും വെളിപ്പെടുത്തിയിരുന്നു.

Content Highlights: Cherupuzha father brutally beat up eight-year-old girl case updates

dot image
To advertise here,contact us
dot image