
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപിഐഎമ്മിൻ്റെ നേതൃയോഗം ആരംഭിച്ചു. സ്ഥാനാർത്ഥിയെ സംബന്ധിച്ച ധാരണ യോഗം ചർച്ച ചെയ്യും. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് നേതൃയോഗം ചേരുന്നത്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജും യോഗത്തിൽ പങ്കെടുക്കുന്നു. സിപിഐഎം ശക്തനായ സ്ഥാനാർത്ഥിയെ മത്സരത്തിനിറക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു,
മത്സരിക്കുക സ്വതന്ത്ര സ്ഥാനാർത്ഥിയാണോ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയാണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനിൽ വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും അനിൽ അറിയിച്ചിരുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മുൻ എംഎൽഎ പി വി അൻവറിന്റെ ഇംപാക്ട് ഇല്ലെന്നും വി പി അനിൽ വ്യക്തമാക്കിയിരുന്നു. അൻവർ പോകുമ്പോൾ പാർട്ടിയാകെ ഒലിച്ചുപോകുമെന്നായിരുന്നല്ലോ പറഞ്ഞതെന്നും ഒരു പോറൽ പോലും ഏറ്റില്ലെന്നത് കാലം തെളിയിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിൻറെ വിലയിരുത്തലാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യു ഷറഫലി, പ്രൊഫ. തോമസ് മാത്യു തുടങ്ങിയ സ്വതന്ത്രരുടെ പേരുകൾ സിപിഐഎം പരിഗണിക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിപിഐഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെയോ ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയെയോ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം വി എം ഷൗക്കത്തിനെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി സിപിഐഎം ചുമതലപ്പെടുത്തിയിരുന്നു. ഓരോ ബൂത്തിലും ഓരോ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിന് ചുമതല നൽകുന്ന നിലയിലുള്ള പ്രവർത്തനം സിപിഐഎം ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്. 10 ബൂത്തുകളടങ്ങുന്ന ക്ലസ്റ്ററുകൾ തിരിച്ച് ഈ ക്ലസ്റ്ററുകളുടെ ചുമതല ജില്ലാ കമ്മിറ്റിയംഗത്തിന് നൽകാനും സിപിഐഎം തീരുമാനിച്ചിരുന്നു. മണ്ഡലത്തിൽ പ്രവർത്തിക്കേണ്ട സ്ക്വാഡുകളെയും സിപിഐഎം തീരുമാനിച്ചിരുന്നു.
ജൂൺ 19 നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
Content Highlights: Nilambur By-Election CPIM District Leadership Meeting Convened, M Swaraj Also Attending the Meeting