'നിലമ്പൂരില്‍ യുഡിഎഫ് വിജയിക്കും'; സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്

തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റ് നടപടികള്‍ വേഗത്തിലാക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നിലമ്പൂരില്‍ സാഹചര്യങ്ങള്‍ അനുകൂലമാണ്. അതനുസരിച്ചുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റ് നടപടികള്‍ വേഗത്തിലാക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നിലമ്പൂരിൽ ഡിസിസി പ്രസിഡൻ്റ് ജോയ്‌യും ആര്യാടൻ ഷൗക്കത്തുമാണ് കോൺഗ്രസിൻ്റെ പരിഗണനയിലുള്ള സ്ഥാനാർത്ഥികൾ.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും പാര്‍ട്ടിയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന മുറയ്ക്ക് തുടര്‍നടപടികളുമായി മുന്നോട്ടുപോകണമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. വയനാട് ഉപതിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യുഡിഎഫിന് അനുകൂല തരംഗമുണ്ടായി. നിലമ്പൂരില്‍ യുഡിഎഫിന് വലിയ പ്രതീക്ഷയാണുള്ളതെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

കൂട്ടായ ചര്‍ച്ചയ്ക്ക് ശേഷം നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് പറഞ്ഞു. കാലതാമസമില്ലാതെ സ്ഥാനാര്‍ത്ഥിനി പ്രഖ്യാപനം നടത്തും. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തും. യുഡിഎഫിന് ആശങ്കയില്ല. യുഡിഎഫ് നിലമ്പൂരില്‍ തിരിച്ചു വരുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പി വി അന്‍വര്‍ യുഡിഎഫിനൊപ്പമാണ്. പി വി അന്‍വറിനെ വിശ്വാസത്തിലെടുക്കുന്നു. അന്‍വര്‍ മാറി നില്‍ക്കുന്നു എന്ന തെറ്റിദ്ധാരണ വേണ്ട. പി വി അന്‍വറിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കില്ല സ്ഥാനാര്‍ത്ഥി നിര്‍ണമയെന്നും അന്‍വറുമായി ആശയവിനിമയം മാത്രം നടത്തുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കേണ്ടത് കോണ്‍ഗ്രസാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഒരുപാട് പേരുകള്‍ പരിഗണിക്കുന്നുണ്ട്. വിവിധ നേതാക്കള്‍ക്ക് ആഗ്രഹം കാണും. എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കാനാവില്ല. കൂടുതല്‍ ആളുകളെ യുഡിഎഫില്‍ എത്തിക്കും. യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

Content Highlights- Aryadan shoukath reaction on candidateship on nilambur by election

dot image
To advertise here,contact us
dot image