കണ്ണൂരിലെ വിവിധ വിദ്യാലയങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മന്ദിരങ്ങൾ; നാടിന് സമർപ്പിച്ച് മന്ത്രി

ഹൈടെക് ക്ലാസ് മുറികളും ലബോറട്ടറികളും ഉള്‍പ്പെട്ട കെട്ടിടങ്ങളാണ് വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തത്

കണ്ണൂരിലെ വിവിധ വിദ്യാലയങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മന്ദിരങ്ങൾ; നാടിന് സമർപ്പിച്ച് മന്ത്രി
dot image

കണ്ണൂര്‍: പണമുളളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേ മികവോടെ പഠിക്കാന്‍ കഴിയുന്ന ഒരിടമായി നമ്മുടെ പൊതുവിദ്യാലയങ്ങള്‍ മാറിയിരിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള പഠനസൗകര്യങ്ങള്‍ ഗ്രാമങ്ങളിലെ വിദ്യാലയങ്ങളില്‍ പോലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മന്ദിരങ്ങള്‍ നാടിന് സമര്‍പ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു. കുഞ്ഞിമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കണിയഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പടപ്പേങ്ങാട് ഗവ. എല്‍പി സ്‌കൂള്‍, മാവിച്ചേരി ജിഎല്‍പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്കാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മന്ദിരങ്ങള്‍ സമര്‍പ്പിച്ചത്. കുഞ്ഞിമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറികളും ലബോറട്ടറികളും ഉള്‍പ്പെട്ട കെട്ടിടമാണ് വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തത്. 'സ്‌കൂളുകള്‍ നാടിന്റെ അഭിമാനം' എന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്ന കാഴ്ച്ചയാണ് ഇവിടെയെന്നും മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

മന്ത്രി വി ശിവന്‍കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

കണ്ണൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ മന്ദിരങ്ങൾ നാടിന് സമർപ്പിച്ചു. നമ്മുടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലോകനിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ പോലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പുകളാണിവ.

ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ച പ്രധാന പദ്ധതികൾ:

1. കുഞ്ഞിമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

കുഞ്ഞിമംഗലത്തെ കുട്ടികൾക്കായി പുതിയ സ്കൂൾ മന്ദിരം സമർപ്പിച്ചു. ഹൈടെക് ക്ലാസ് മുറികളും ലബോറട്ടറികളും വഴി വിജ്ഞാനത്തിന്റെ പുതിയ വാതായനങ്ങളാണ് ഇവിടെ തുറക്കപ്പെടുന്നത്. കേവലം കെട്ടിടങ്ങളല്ല, വരുംതലമുറയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന വിജ്ഞാന കേന്ദ്രങ്ങളായി നമ്മുടെ സർക്കാർ വിദ്യാലയങ്ങൾ മാറിക്കഴിഞ്ഞു.

2. കണിയഞ്ചാൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ

കണിയഞ്ചാലിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ദിവസമാണിന്ന്. സാമ്പത്തിക വേർതിരിവുകളില്ലാതെ എല്ലാ കുട്ടികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് നമ്മുടെ സർക്കാർ. ഈ പുതിയ മന്ദിരം വരുംതലമുറയുടെ സ്വപ്നങ്ങൾക്കുള്ള അടിത്തറയാണ്.

3. പടപ്പേങ്ങാട് ഗവ. എൽ.പി സ്കൂൾ

72-ാം വാർഷികാഘോഷ വേളയിൽ പടപ്പേങ്ങാട് സ്കൂളിന് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അത്യാധുനിക മന്ദിരം നാടിന് സമർപ്പിച്ചു. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുരുന്നുകൾക്ക് മികച്ച അടിത്തറ പാകാൻ ഈ സുരക്ഷിതവും മനോഹരവുമായ പഠനമുറികൾ സഹായിക്കും.

4. മാവിച്ചേരി ജി.എൽ.പി. സ്കൂൾ

മാവിച്ചേരിയിലെ കുട്ടികൾക്കായി പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. "സ്‌കൂളുകൾ നാടിന്റെ അഭിമാനം" എന്ന മുദ്രാവാക്യം അന്വർത്ഥമാക്കുന്ന കാഴ്ചയാണിവിടെ. സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ട് പണമുള്ളവർക്കും ഇല്ലാത്തവർക്കും ഒരേ മികവോടെ പഠിക്കാൻ കഴിയുന്ന ഒരിടമായി നമ്മുടെ പൊതുവിദ്യാലയങ്ങൾ മാറിയിരിക്കുന്നു.

ഹാപ്പിനസ് ഫെസ്റ്റിവൽ സെമിനാർ: "സംരംഭകത്വം - സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം"

തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂരിൽ സംഘടിപ്പിച്ച 'ഹാപ്പിനസ് ഫെസ്റ്റിവലിലെ' സെമിനാർ ഉദ്ഘാടനം ചെയ്തു. നമ്മുടെ തദ്ദേശ സ്ഥാപനങ്ങൾ കേവലം സേവന കേന്ദ്രങ്ങൾ മാത്രമല്ല, ഓരോ പഞ്ചായത്തും നഗരസഭയും പുതിയ സ്റ്റാർട്ടപ്പുകൾക്ക് കരുത്തേകുന്ന 'സാമ്പത്തിക ഹബ്ബുകളായി' മാറണം. പുതിയ തലമുറയെ 'തൊഴിൽ അന്വേഷകർ' എന്നതിൽ നിന്ന് 'തൊഴിൽ ദാതാക്കൾ' എന്ന നിലയിലേക്ക് മാറ്റാനാണ് സർക്കാർ പരിശ്രമിക്കുന്നത്.

Content Highlights: v sivankutty inaugurates hightech buildings and labs in kannur higher secondary schools

dot image
To advertise here,contact us
dot image