
കൊല്ലം: കാവനാട്ട് ബാങ്ക് ജീവനക്കാരി മരിച്ചത് ബ്രെയിന്‍ ഹെമറേജ് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാവനാട് മീനത്തുചേരി ദിനേശ് ഭവനില്‍ ദീപ്തി പ്രഭ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണോയെന്ന സംശയം ഉണ്ടായിരുന്നു. ഫ്രിഡ്ജില്‍ വെച്ച ചൂരക്കറി കഴിച്ച് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു ദീപ്തി കുഴഞ്ഞുവീണത്.
അതേസമയം ഭക്ഷ്യവിഷബാധയാണോ ദീപ്തിക്ക് ബ്രെയിന്‍ ഹെമറേജ് ഉണ്ടാകാന്‍ കാരണമെന്ന് വിശദ പരിശോധന ഫലം ലഭിച്ചാലെ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ദീപ്തിയുടെ ആന്തരികാവയവങ്ങളുടെ കെമിക്കല്‍ പരിശോധന ഫലവും പ്രധാനമാണ്.
അതേസമയം ദീപ്തിയുടെ ഭര്‍ത്താവും മകനും ഛര്‍ദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധ കാരണമാണ്. ശനിയാഴ്ച വാങ്ങിയ ചൂരമീന്‍ പാകം ചെയ്ത് ഫ്രിഡ്ജില്‍വെച്ച ശേഷം ദീപ്തിയും ഭര്‍ത്താവും മകനും കഴിച്ചിരുന്നു. മകനും ഭര്‍ത്താവിനുമാണ് ആദ്യം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
സ്വകാര്യ ബാങ്ക് ജീവനക്കാരിയായ ദീപ്തി പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കില്‍ ജോലിക്കു പോയി. വൈകിട്ടു ഭര്‍ത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടില്‍ വന്നയുടനെ ദീപ്തി പ്രഭയും ഛര്‍ദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.
Content Highlights: Kollam bank employee death due to brain hemorrhage