
തിരുവനന്തപുരം: വെളളനാട് ദളിത് യുവതിയോട് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ക്രൂരത. പിഎംഎവൈ പദ്ധതി പ്രകാരം കിട്ടിയ നാലുലക്ഷം രൂപയിലധികം കോണ്‍ഗ്രസ് പ്രാദേശിക നേതാവും മുന്‍ പഞ്ചായത്തംഗവുമായ സത്യനേശന്‍ തട്ടിയെടുത്തുവെന്നാണ് പരാതി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പണം കിട്ടിയ പ്രശാന്തി മൂന്നുമക്കളോടൊപ്പം ഇപ്പോഴും ഒറ്റമുറി വീട്ടിലാണ് താമസം.
'വീടിന്റെ പണി ചെയ്തുതരാമെന്നാണ് സത്യനേശന്‍ പറഞ്ഞത്. ബേസ്‌മെന്റ് ഉയര്‍ത്തി കെട്ടാന്‍ തയ്യാറായില്ല. മകളുടെ സ്വര്‍ണം പണയംവെച്ച് 80,000 രൂപ കൊടുത്തു. എന്നിട്ടും പണി തുടങ്ങിയില്ല. ഓരോ ഗഡുക്കളായി ലഭിച്ച പണം മുഴുവന്‍ കൊടുത്തു. 4,59,000 രൂപയാണ് നല്‍കിയത്. വീട് താമസയോഗ്യമല്ലാതാക്കി മാറ്റി. തറ ഭൂനിരപ്പില്‍ നിന്ന് ഉയര്‍ത്തിയില്ല. പ്രധാന സ്ലാബ് വളഞ്ഞ നിലയിലാണുളളത്. ' പ്രശാന്തി പറഞ്ഞു. മകള്‍ക്ക് ബിഎസ്‌സി നഴ്‌സിംഗിന് അഡ്മിഷന്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് സത്യനേശന്‍ പരിചയപ്പെടുത്തിയ സുരേഷ് എന്നയാള്‍ പണം തട്ടിയെന്നും പ്രശാന്തി ആരോപിച്ചു.
അതേസമയം, ആരോപണം നിഷേധിച്ച് സത്യനേശന്‍ രംഗത്തെത്തി. താന്‍ ആര്‍ക്കും വീടുവെച്ച് കൊടുത്തിട്ടില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നുമാണ് സത്യനേശന്‍ പറയുന്നത്. ഒരുലക്ഷം രൂപ സാധനങ്ങള്‍ വാങ്ങാനായി നല്‍കിയിരുന്നെന്നും അത് വാങ്ങിക്കൊടുത്തെന്നും സത്യനേശന്‍ വ്യക്തമാക്കി.
Content Highlights: Dalit woman Complaints that local Congress leader embezzled money received under PMAY scheme