പട്ടികജാതിക്കാര്‍ റാപ്പ് പാടിയാല്‍ എന്താണ് ടീച്ചറേ? ; കെപി ശശികലയ്‌ക്കെതിരെ സന്ദീപ് വാര്യര്‍

'കേരളത്തിലെ എത്ര ക്ഷേത്രങ്ങളില്‍ പട്ടികജാതിക്കാരായ കലാകാരന്മാര്‍ക്ക് ചെണ്ട കൊട്ടാന്‍ അവകാശമുണ്ട്? ടീച്ചര്‍ ഇന്നേവരെ അതില്‍ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടോ?'-സന്ദീപ് വാര്യര്‍ ചോദിച്ചു.

dot image

പാലക്കാട്: റാപ്പര്‍ വേടനെ അധിക്ഷേപിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് ജി വാര്യര്‍. വേടന്‍ എന്ന കലാകാരനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് ആര്‍എസ്എസ് എന്നും കേസരി പത്രാധിപര്‍ മധുവില്‍ നിന്ന് ഇന്ന് കെപി ശശികല വേടന്‍ വിരുദ്ധ ബാറ്റണ്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 'റാപ്പ് പട്ടികജാതിക്കാരുടെ തനത് കലാരൂപമാണോ എന്നാണ് ശശികല ടീച്ചര്‍ ചോദിക്കുന്നത്. പട്ടികജാതിക്കാര്‍ റാപ്പ് പാടിയാല്‍ എന്താണ് ടീച്ചറേ'- സന്ദീപ് വാര്യര്‍ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റാപ്പ് എന്ന സംഗീതരൂപം ലോകത്തെല്ലായിടത്തും വര്‍ണ വംശവെറിക്കെതിരായ പ്രതിഷേധമായാണ് രൂപംകൊണ്ടിട്ടുളളതെന്നും ഇന്ത്യയുടെ സാഹചര്യത്തില്‍ അത് ദളിതര്‍ക്കെതിരായ, സവര്‍ണ ഹിന്ദുത്വയുടെ അതിക്രമങ്ങള്‍ക്കെതിരായ ശബ്ദമായി മാറും. അതില്‍ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ലെന്നും പട്ടികജാതിക്കാര്‍ അവര്‍ക്ക് ഇഷ്ടമുളളത് പാടട്ടെയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 'ഹിന്ദു ഐക്യവേദി നേതാവിന് പരിഹരിക്കാന്‍ കഴിയുന്ന മറ്റ് ചില സമാജ പ്രശ്‌നങ്ങളുണ്ട്. അതിലൊന്നും ഹിന്ദു ഐക്യവേദിയെ കാണാറേയില്ല. കേരളത്തിലെ എത്ര ക്ഷേത്രങ്ങളില്‍ പട്ടികജാതിക്കാരായ കലാകാരന്മാര്‍ക്ക് ചെണ്ട കൊട്ടാന്‍ അവകാശമുണ്ട്? ടീച്ചര്‍ ഇന്നേവരെ അതില്‍ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടോ?'-സന്ദീപ് വാര്യര്‍ ചോദിച്ചു.

വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ 'ആടികളിക്കട കുഞ്ഞുരാമ' എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നുമാണ് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല പറഞ്ഞത്. ഇവിടുത്തെ പട്ടികജാതി, വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോെന്നും ശശികല ചോദിച്ചു.

'തനതായ എത്ര കലാരൂപങ്ങളുണ്ട്. സർക്കാർ ഫണ്ട് ചിലവഴിച്ച് പാലക്കാട് ഒരു പരിപാടി നടത്തുമ്പോൾ പട്ടികജാതിക്കാരുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് സംഗീതമാണോ വേണ്ടത്. വിഘടനവാദത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടണമെങ്കിൽ അവരിൽ അവശതയുണ്ടാക്കണം, അവസരങ്ങൾ ഇല്ലാതെയാക്കണം. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണ്. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി' എന്നാണ് ശശികല പറഞ്ഞത്.

Content Highlights: sandeep warrier against kp sasikala remarks on rapper vedan

dot image
To advertise here,contact us
dot image