'വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുൻപിൽ സമാജം അപമാനിക്കപ്പെടുന്നു,റാപ്പിന് പട്ടികജാതി സമൂഹവുമായി എന്ത് ബന്ധം'

റാപ്പർ വേടനെതിരെ അധിക്ഷേപ വർഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല

dot image

പാലക്കാട്: റാപ്പർ വേടനെതിരെ അധിക്ഷേപ വർഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ 'ആടികളിക്കട കുഞ്ഞുരാമ' എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും ശശികല പറഞ്ഞു. പാലക്കാട്ടെ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് കെ പി ശശികല വേടനെതിരെ രംഗത്തെത്തിയത്.

ഇവിടുത്തെ പട്ടികജാതി, വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോെന്നും ശശികല ചോദിച്ചു.

'തനതായ എത്ര കലാരൂപങ്ങളുണ്ട്. സർക്കാർ ഫണ്ട് ചിലവഴിച്ച് പാലക്കാട് ഒരു പരിപാടി നടത്തുമ്പോൾ പട്ടികജാതിക്കാരുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് സംഗീതമാണോ വേണ്ടത്. വിഘടനവാദത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടണമെങ്കിൽ അവരിൽ അവശതയുണ്ടാക്കണം, അവസരങ്ങൾ ഇല്ലാതെയാക്കണം. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണ്. വേടന് മുമ്പിൽ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി' എന്നും ശശികല പറഞ്ഞു.

നേരത്തെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ ആർ മധുവും വേടനെതിരെ വിദ്വേഷ പ്രസംഗവുമായി രംഗത്തുവന്നിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളെന്നുമായിരുന്നു മധു പറഞ്ഞത്. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കും. വേടന്റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികൾ ഉണ്ടെന്നും എൻ ആർ മധു പറഞ്ഞിരുന്നു. തുടർന്ന് മധുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

'വേടന്റെ പ്രതികരണം സെലക്ടീവാണ്. ആസിഫയുടെ അരയുടക്കാന്‍ ദൈവങ്ങള്‍ കാവലിരുന്നു എന്നാണ് വേടന്റെ പാട്ടിലെ ഒരു വരി. അത് വേണമെങ്കില്‍ വര്‍ഗീയ പരാമര്‍ശമായിയെടുക്കാം. കേരളത്തിലെ മദ്രസകളില്‍ എത്രയോ ആമിനമാരുടെ അരയുടക്കപ്പെടുന്നുണ്ട്. അവിടെയൊക്കെ അല്ലാഹു കാവലിരുന്നുവെന്ന് പാടുന്നില്ല. കശ്മീര്‍ പണ്ഡിറ്റുകളെയും യസീതികളെയും കുര്‍ദികളെയും വേടന്‍ കാണുന്നില്ല. ലങ്കയില്‍ ദാഹം മാറാത്ത പുലികളെ കാണുന്നുണ്ട്. ഈ പുലികള്‍ എല്‍ടിടിക്കാരാണ്. എല്‍ടിടിക്കാര്‍ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയെ വെടിവെച്ച് കൊന്നവരാണ്. ഇതിനകത്ത് പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അയാള്‍ മറ്റൊരു അഭിമുഖത്തില്‍ സായുധ കലാപം നടക്കണമെന്നാണ് പറയുന്നത്. വാളുകളെടുക്കണം, രക്തമൊഴുകണമെന്നും പറയുന്നു', എന്‍ ആര്‍ മധു പറഞ്ഞിരുന്നു.

Content Highlights: KP Sasikala against Vedan

dot image
To advertise here,contact us
dot image