'ഏത് പ്രതിസന്ധിയെയും കരുതലോടെ ഒന്നിച്ച് നിന്ന് അതിജീവിച്ചവരാണ് നമ്മള്‍, ഈ സന്ദര്‍ഭത്തിലും ആ ഐക്യമാണ് വേണ്ടത്'

'പ്രവാസികള്‍ക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി സംസ്ഥാന സര്‍ക്കാരുണ്ട്'

'ഏത് പ്രതിസന്ധിയെയും കരുതലോടെ ഒന്നിച്ച് നിന്ന് അതിജീവിച്ചവരാണ് നമ്മള്‍, ഈ സന്ദര്‍ഭത്തിലും ആ ഐക്യമാണ് വേണ്ടത്'
dot image

തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയര്‍പ്പും അലിഞ്ഞുചേര്‍ന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗള്‍ഫ് നാടുകള്‍. അവിടത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണ്. കേരളത്തിലെ ഓരോ വീട്ടിലും ഗള്‍ഫ് നാടുകളുമായി ബന്ധപ്പെട്ട ഒരാളെങ്കിലും ഉണ്ടാകും എന്നത് അതിശയോക്തിയല്ല. വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും കേരളത്തിന്റെ ഹൃദയത്തില്‍ നിന്നുള്ള ഐക്യദാര്‍ഢ്യം അറിയിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ഗള്‍ഫ് നാടുകളില്‍ സമാധാനവും സുസ്ഥിരതയും എക്കാലത്തും നിലനില്‍ക്കണമെന്നാണ് നമ്മളാഗ്രഹിക്കുന്നത്. മനുഷ്യത്വത്തിലും പരസ്പര ധാരണയിലും ഊന്നിയ വിവേകപൂര്‍ണമായ തീരുമാനങ്ങളിലൂടെ ഈ പ്രതിസന്ധികളെ മറികടക്കാന്‍ അവിടുത്തെ ഭരണാധികാരികള്‍ക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രവാസി സഹോദരങ്ങളെ പ്രത്യേകമായി ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കട്ടെ. ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണം. ഇന്ത്യന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവര്‍ നല്‍കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാനരഹിതമായ വാര്‍ത്തകളും കിംവദന്തികളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ഭീതി പരത്തുന്നതൊന്നും സമൂഹമാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ മറ്റുള്ളവരിലേക്ക് എത്തിക്കരുത്. ഏത് വലിയ പ്രതിസന്ധിയെയും പരസ്പര സ്‌നേഹത്തോടെയും കരുതലോടെയും ഒന്നിച്ച് നിന്ന് അതിജീവിച്ചവരാണ് നമ്മള്‍. ഈ സന്ദര്‍ഭത്തിലും ആ ഐക്യമാണ് വേണ്ടത്. പ്രവാസികള്‍ക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി സംസ്ഥാന സര്‍ക്കാരുണ്ട്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് സാധ്യമായ എല്ലാ തലങ്ങളിലും സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. അത്യാവശ്യ സഹായങ്ങള്‍ ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ഇടപെടല്‍ ഉണ്ട്. ഗള്‍ഫ് നാടുകളിലെ ലോക കേരള സഭാംഗങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights- Kerala Chief Minister Pinarayi Vijayan said that people in the state have historically overcome crises by standing together

dot image
To advertise here,contact us
dot image