വേടനെതിരായ അധിക്ഷേപ പരാമര്‍ശം; കെ പി ശശികലയ്‌ക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ

വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്നാണ് പരാതി

dot image

പാലക്കാട്: റാപ്പര്‍ വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്‍കിയത്. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്നാണ് പരാതി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന് ഡിവൈഎഫ്‌ഐ പരാതിയില്‍ പറയുന്നു.

ഇത്തരത്തിലുള്ള കലാകാരനെ ജാതീയമായി അധിക്ഷേപിക്കുന്നത് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ സഹായിക്കുന്നതും, അദ്ദേഹത്തിന്റെ മുന്നോട്ട് പോക്കിനെ മാനസികമായി തകര്‍ക്കുന്നതുമാണെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. വേടനെതിരെയുള്ള സംഘപരിവാർ ആക്രമണത്തിലൂടെ തെളിയുന്നത് സംഘപരിവാറിന്റെ ദളിത്‌ വിരുദ്ധ രാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. പിന്നാലെയാണ് പാലക്കാട് ജില്ലാ കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്.

വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പില്‍ 'ആടികളിക്കട കുഞ്ഞുരാമ' എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നുമായിരുന്നു ശശികല നടത്തിയ പരാമര്‍ശം. പാലക്കാട്ടെ ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ പി ശശികല വേടനെതിരെ രംഗത്തെത്തിയത്.

'തനതായ എത്ര കലാരൂപങ്ങളുണ്ട്. സര്‍ക്കാര്‍ ഫണ്ട് ചിലവഴിച്ച് പാലക്കാട് ഒരു പരിപാടി നടത്തുമ്പോള്‍ പട്ടികജാതിക്കാരുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് സംഗീതമാണോ വേണ്ടത്. വിഘടനവാദത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടണമെങ്കില്‍ അവരില്‍ അവശതയുണ്ടാക്കണം, അവസരങ്ങള്‍ ഇല്ലാതെയാക്കണം. വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുകയാണ്. വേടന് മുമ്പില്‍ ആടികളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി', ശശികല പറഞ്ഞു.

Content Highlights: DYFI complaint against K P Sasikala abusive speech against Rapper Vedan

dot image
To advertise here,contact us
dot image