
കൊച്ചി: ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളിലും വ്യാജൻ. ഇതുസംബന്ധിച്ച് കേരള പൊലീസ് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്. വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി.
തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. അല്ലാത്ത പക്ഷം വഞ്ചിക്കപ്പെടാൻ സാധ്യതയേറെയാണെന്നും പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വ്യാപാരികളുടെ ശ്രദ്ധയ്ക്ക്❗
സമീപകാലത്ത് വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും Phone pay,Google pay,Paytm എന്നീ ഡിജിറ്റൽ പെയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു, സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും,അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു. ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാൻ സാധ്യതയേറെയാണ്.
Content Highlights: fake upi app scam