
തിരുവനന്തപുരം: പൊലീസ് ക്രൂരതയ്‌ക്കെതിരെ പരാതി നൽകാനെത്തിയ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചുവെന്ന ദളിത് യുവതിയുടെ ആരോപണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ദളിത് യുവതിക്ക് പോലും ഇവിടെ നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതി പറയുന്നവരെ അപമാനിക്കുകയാണ്. പൊലീസ് ഭരണത്തിൻ്റെ നേർസാക്ഷ്യമാണ് ദളിത് യുവതിക്കുണ്ടായ സംഭവം. പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു.
സർക്കാരിൻ്റെ നാലാം വർഷം നാളെ യുഡിഎഫ് കരിദിനമായി ആചരിക്കും. സർക്കാരില്ലായ്മയാണ് സർക്കാരിൻ്റെ മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു. കേരളം ലഹരിമരുന്നിൻ്റെ താവളമാണ്. സർക്കാർ രാഷ്ട്രീയ സുരക്ഷ നൽകി സംരക്ഷിക്കുകയാണ്. കേരളത്തിലെ ക്ഷേമനിധി ബോർഡ് തകർന്നു. ഒന്നിനും പണമില്ലാത്ത ദയനീയാവസ്ഥയാണ്. കേരളത്തിൻ്റെ ധനസ്ഥിതി പരിതാപകരണ്. പൊതുകടം ആറ് ലക്ഷം കോടിയിലേക്ക് ഉയർന്നു. മരുന്നില്ല, ഭക്ഷണ സാധനങ്ങളില്ല. കെഎസ്ഇബിയെ കടത്തിലാക്കി. വൈദ്യുതി ചാർജ് കൂട്ടി.
ക്ഷേമനിധി ആനുകൂല്യങ്ങൾ ഇല്ലാതാക്കി. നാലാം വാർഷിക പ്രമോഷന് വേണ്ടി പരസ്യമല്ലാതെ മാധ്യമങ്ങൾക്ക് പണം കൊടുക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രിമാരെ പ്രൊമോട്ട് ചെയ്യാൻ ജനങ്ങളുടെ പണം ഉപയോഗിക്കുന്നുണ്ടോ?. മലയോരത്തെ പാവപ്പെട്ടവരുടെ ജീവിതം വന്യ ജീവികൾക്ക് ആക്രമിക്കാൻ വിട്ടു കൊടുത്തിരിക്കുകയാണ്. വേടനെ ലഹരി വിരുദ്ധ പരിപാടികളിൽ കൊണ്ടു വന്നതിൽ തെറ്റില്ലെന്നും തെറ്റ് തിരുത്തി വന്ന ആളാണ് വേടനെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: v d satheesan against police and kerala government on dalit lady's issue