വെളുത്ത ഹെഡ്ബാന്‍ഡ് അണിഞ്ഞെത്തി; ഓവലില്‍ 'ഇംഗ്ലീഷ് കയ്യടി' നേടി മുഹമ്മദ് സിറാജ്‌

ഇംഗ്ലണ്ട് താരങ്ങളും മത്സരം കാണാനെത്തിയ ആരാധകരും ഹെഡ് ബാന്‍ഡ് ധരിച്ചാണ് എത്തിയത്

dot image

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷയായി മാറുകയാണ് മുഹമ്മദ് സിറാജ്. ഓവലില്‍ പുരോഗമിക്കുന്ന അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇപ്പോഴിതാ ഇംഗ്ലണ്ട് ആരാധകരുടെയും മനസ് കീഴടക്കുകയാണ് സിറാജ്.

ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെ വെളുത്ത ഹെഡ്ബാന്‍ഡ് ധരിച്ച് എത്തിയാണ് സിറാജ് കൈയടികള്‍ നേടിയത്. മൂന്നാം സെഷനില്‍ മഴയുടെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് സിറാജ് ഒരു പ്രത്യേക ഹെഡ്ബാന്‍ഡ് ധരിച്ചാണ് മൈതാനത്തേക്ക് നടന്നത്. ലോകമെമ്പാടുമുള്ള ആരാധകര്‍ ഇത് ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്തു.

മുന്‍ ഇംഗ്ലണ്ട് നായകന്‍ ഗ്രഹാം തോര്‍പ്പിന് ആദരം അര്‍പ്പിച്ചാണ് സിറാജ് വൈറ്റ് ഹെഡ്ബാന്‍ഡ് ധരിച്ചെത്തിയത്. കളിക്കുന്ന കാലത്ത് തോര്‍പ്പ് ഇത്തരത്തിലുള്ള ഹെഡ് ബാന്‍ഡാണ് ഉപയോഗിച്ചിരുന്നത്. ഇംഗ്ലണ്ട് താരങ്ങളും മത്സരം കാണാനെത്തിയ ആരാധകരും ഹെഡ് ബാന്‍ഡ് ധരിച്ചാണ് എത്തിയത്. 56ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍ തലയില്‍ വെളുത്ത ബാന്‍ഡ് ധരിച്ച് ഗ്രൗണ്ടിലിറങ്ങിയത്.

ഇന്ത്യന്‍ ടീമില്‍ നിന്ന് സിറാജ് മാത്രമാണ് വൈറ്റ് ഹെഡ്ബാന്‍ഡ് ധരിച്ചെത്തിയത്. ഇതോടെ ഇംഗ്ലീഷ് ആരാധകരുടെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെയും പ്രശംസയും ബഹുമാനവും നേടിയെടുത്തിരിക്കുകയാണ് സിറാജ്.

Content Highlights: IND vs ENG: Mohammed Siraj Pay Tribute To Former England Batter Graham Thorpe On His Birth Anniversary At Oval Test

dot image
To advertise here,contact us
dot image