
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോ കണ്ട യെമൻ പൗരന് കോടതി പിരിയുംവരെ തടവ്. അബ്ദുള്ള അലി അബ്ദോ അൽ ഹദാദിനാണ് ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പതിനായിരം രൂപ പിഴയും വിധിച്ചു.
2020 ഡിസംബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ ഇയാൾ കണ്ടതായി സൈബർ സെല്ലിൽ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വഞ്ചിയൂർ പൊലീസ് കേസ് അന്വേഷിക്കുകയും പ്രതി ജോലിചെയ്തിരുന്ന ഈഞ്ചക്കലിലുള്ള റസ്റ്ററന്റിലെത്തി മൊബൈൽ ഫോൺ പരിശോധിക്കുകയുമായിരുന്നു.
പ്രാഥമിക പരിശോധനയിൽ മൊബൈൽ ഫോണിൽ വീഡിയോകൾ കണ്ടത്താനായിരുന്നില്ല. തുടർന്ന് ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് ലബോറട്ടറിയിൽ അയച്ചു. ഇയാൾ കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതായി തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീണ്ടും കേസെടുക്കുകയായിരുന്നു.
Content Highlights: Yemen citizen sentenced to prison for watching pornographic videos