തടസങ്ങളില്ല; മെസി ഒക്ടോബറിൽ കേരളത്തിലെത്തും: മന്ത്രി വി അബ്‌ദുറഹിമാൻ

അർജന്റീന കേരളത്തിൽ എത്തില്ല എന്ന വാർത്ത എങ്ങനെ വന്നു എന്നറിയില്ലെന്നും മറ്റ് ആശങ്കകൾ ഒന്നും വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

dot image

കൊച്ചി: അർജന്റൈൻ ഫുട്‌ബോൾ ടീം കേരളത്തിലെത്തുമെന്നും മറ്റ് തടസ്സങ്ങൾ ഒന്നുമില്ലെന്നും മന്ത്രി വി അബ്‌ദുറഹിമാൻ. നിലവിൽ അർജന്റീനയുമായി സർക്കാർ നല്ല ബന്ധത്തിലാണ്. നവംബറിലും ഒക്ടോബറിലുമാണ് അർജന്റീന അടക്കമുള്ള ടീമുകൾക്ക്‌ വിൻഡോ അനുവദിച്ചത്. അർജന്റീന കേരളത്തിൽ എത്തില്ല എന്ന വാർത്ത എങ്ങനെ വന്നു എന്നറിയില്ലെന്നും മറ്റ് ആശങ്കകൾ ഒന്നും വേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമയത്തിന് തന്നെ കളി നടത്തുമെന്നാണ് സ്പോൺസർ അറിയിച്ചത്. ടീം വരുന്നതിനു മുൻപ് പണമടച്ച് തീർത്താൽ മതി. സ്പോൺസർ അതിനു തയ്യാറാണെങ്കിൽ പ്രശ്നമില്ല. റിസർവ് ബാങ്കിന്റെ അനുമതി കിട്ടാനുണ്ടായിരുന്നു. അതാണ് തുക അടയ്ക്കാൻ വൈകിയത് എന്നാണ് അറിഞ്ഞത്. അടുത്താഴ്ച ഇതുമായി ബന്ധപ്പെട്ട പൂർണവിവരം അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അർജന്റീന ടീമിനെ ബന്ധപ്പെട്ടിരുന്നു. പണമടച്ചാൽ വരാം എന്നാണ് അറിയിച്ചത്. ഇന്നും ടീമിനെ വിളിച്ചിരുന്നു. കേരള സർക്കാറും അർജന്റീനയുമായി നല്ല ബന്ധമാണ്. രാഷ്ട്രീയവും സ്പോർട്സും തമ്മിൽ ബന്ധമില്ലെന്നും അബ്‌ദുറഹിമാൻ പറഞ്ഞു.

അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മെസി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ഇവന്റ് സ്‌പോൺസർ ചെയ്യുമെന്നറിയിച്ച റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ചർച്ചകളിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ അറിയിച്ചു. ഇവിടെ സൗകര്യം കുറവെങ്കിൽ ഫിഫ നിലവാരത്തിൽ സ്റ്റേഡിയമുണ്ടാക്കാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

'റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസിയെ കേരളത്തിലേക്ക് എത്തിക്കുന്നതിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി കരാർ മുന്നോട്ട് വെച്ചത്. നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ മെസി വരുമെന്നാണ് പ്രതീക്ഷ. അതിനുള്ള എല്ലാ സംവിധാനങ്ങളും റിപ്പോർട്ടർ ഒരുക്കിയിട്ടുണ്ട്. അർജന്റീന മുന്നോട്ട് വെച്ച മാനദണ്ഡങ്ങൾ പൂർത്തീകരിച്ച ശേഷം എഎഫ്എയെ അറിയിക്കുകയാണ് വേണ്ടത്. ശേഷം തിയ്യതി അനുവദിച്ചുതരും. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബർ ആറ് മുതൽ 14 വരെയും 10 മുതൽ 18 വരെയുമാണ് ഫിഫ അനുവദിച്ചു നൽകിയ ഇന്റർനാഷണൽ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ, ആർബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു. നിലവിലെ നടപടികൾ കഴിഞ്ഞ ശേഷമായിരിക്കും പണം അടക്കേണ്ട തിയ്യതി നിർദേശിക്കുക. അതിന് വേണ്ടി കാത്തിരിക്കുകയാണ്. മെസി വരില്ലെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നമുക്ക് അനുവദിച്ച ദിവസങ്ങളൊഴിച്ച് അവർക്ക് മറ്റ് രാജ്യങ്ങളിൽ കളിക്കാം. മെസി വരുന്നത് സംബന്ധിച്ച് എഎഫ്എയാണ് പ്രഖ്യാപിക്കേണ്ടത്. അതിനിടയിൽ, പച്ചാളം ഭാസി വന്നു ചതിച്ചുവെന്ന നിലയ്ക്ക് വാർത്തകൊടുക്കരുത്. ഇതിന് പിന്നിലെ പ്രയത്‌നത്തെ ഇല്ലാതാക്കരുത്.

അർജന്റൈൻ ടീമിനെ കേരളത്തിലേക്ക് എത്തിക്കുമ്പോൾ എതിർ ടീമായി റാങ്കിംഗ് അൻപതിന് താഴെയുള്ള ടീമിനെ കൂടി കൊണ്ടുവരേണ്ടതുണ്ട്. അവരുമായും ചർച്ച നടക്കുകയാണ്. സർക്കാരും റിപ്പോർട്ടറും ചെയ്യേണ്ട കാര്യങ്ങൾ ഇരുവരുടെയും ഭാഗത്ത് നിന്നും പുരോഗമിക്കുന്നുണ്ട്. ഇന്ത്യയിൽ കളിക്കുന്നില്ലെന്ന് ടീം തീരുമാനിച്ചാൽ ഒന്നും ചെയ്യാനാകില്ല. ദുഷ്ടലാക്കോടെ പ്രവർത്തിക്കരുത്. മീഡിയ ഹൗസ് എന്ന നിലയ്ക്കല്ല കേരളത്തിലേക്ക് മെസിയെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. മെസി വന്നാൽ കേരളത്തിലെ കായിക മേഖലയ്ക്ക് ഉണ്ടായേക്കാവുന്ന മാറ്റം ചെറുതായിരിക്കില്ല. എന്നാൽ മെസി വരില്ലെന്ന് പ്രചരിപ്പിക്കാൻ വളരെ എളുപ്പമാണ്. മെസി വരില്ലെന്ന തരത്തിൽ വാർത്ത പൊട്ടിപ്പുറപ്പെട്ടതിന്റെ ഉറവിടം അറിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലയിലായിരിക്കാം വാർത്ത വന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നും വലിയ പിന്തുണയുണ്ട്. ഇന്ന് രാവിലെയും എഎഫ്എയുമായി ബന്ധപ്പെട്ടിരുന്നു. പോസിറ്റീവ് പ്രതികരണമാണ് ലഭിച്ചത്. സർക്കാരിന്റെ പിന്തുണ വേണം. റിപ്പോർട്ടർ ടി വി ചെയ്യേണ്ടതെല്ലാം ചെയ്യാം.

സർക്കാരാണ് ഇടനിലക്കാർ. അവരാണ് ഫുട്‌ബോൾ അസോസിയേഷനെ ക്ഷണിച്ചത്. വലിയ തുക ചെലവാക്കിയിട്ടുള്ള കാര്യമാണ്. വരാൻ തീരുമാനിച്ച് കഴിഞ്ഞാൽ കൊണ്ടുവരാനുള്ള ഏജൻസിയായി റിപ്പോർട്ടർ ടിവി നിൽക്കും. അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷന് കേരളത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അർജന്റീനയുടെ വലിയ ആരാധകർ കേരളത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് അവർ. കേരളത്തിലെ കായിക വകുപ്പ് മന്ത്രി ഇക്കാര്യത്തിലെടുത്ത പ്രയത്‌നം ചെറുതല്ല. മെസി വന്നാലും ഇല്ലെങ്കിലും അദ്ദേഹം കാണിച്ചിട്ടുള്ളത് വലിയ പ്രയത്‌നമാണ്. മെസി കേരളത്തിൽ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ', അദ്ദേഹം പറഞ്ഞു.

Content Highlights: V Abdurahiman says Messi to visit Kerala in October

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us