കേരളത്തിന് തിരിച്ചടി; കടമെടുക്കാവുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ കടും വെട്ട്

തിരഞ്ഞെടുപ്പുകൾ അടുത്തുവരവേ ഇത്രയും തുക വെട്ടിക്കുറച്ചത് സംസ്ഥാന സർക്കാരിന് തിരിച്ചടിയാകും

dot image

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് മേൽ വീണ്ടും ഇരുട്ടടിയുമായി കേന്ദ്രസർക്കാർ. അധികമായി കടമെടുക്കാൻ സാധിക്കുന്ന തുകയിൽ നിന്ന് 3,300 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. റിഡംപ്‌ഷൻ ഫണ്ട് രൂപീകരിച്ചില്ല എന്നതാണ് ഇത്രയും പണം വെട്ടിക്കുറയ്ക്കാൻ കാരണമായി പറയുന്നത്. വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നിൽക്കുന്നതിനുള്ള ഫണ്ടാണ് റിഡംപ്‌ഷൻ ഫണ്ട്.

ഫണ്ട് രൂപീകരിക്കുകയും അതിലേക്ക് ഇനി 600 കോടി നിക്ഷേപിച്ചാലും മാത്രമേ ഇനി 3300 കോടി രൂപ കടമെടുക്കാൻ സാധിക്കുകയുള്ളൂ. ഈ വർഷം സംസ്ഥാനത്തിന് ആകെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണ്. ഇത് അറിയിച്ചുകൊണ്ട് കേന്ദ്രസർക്കാർ കത്ത് നൽകിയതിന് പിന്നാലെയാണ് തുക വെട്ടികുറയ്കുന്ന കാര്യവും അറിയിച്ചത്.

തിരഞ്ഞെടുപ്പുകൾ അടുത്തുവരവേ ഇത്രയും തുക വെട്ടിക്കുറച്ചത് സംസ്ഥാന സർക്കാരിന് തിരിച്ചടിയാകും. പദ്ധതികൾ പൂർത്തിയാക്കാനും പല പദ്ധതികൾക്കും പണം വകയിരുത്താനും സംസ്ഥാന സർക്കാർ ബുദ്ധിമുട്ടിയേക്കും. കിഫ്‌ബി അടക്കമുള്ള സ്ഥാപനങ്ങളുടെ കടമെടുപ്പിലും കേന്ദ്രം വിരുദ്ധ നിലപാട് സ്വീകരിച്ചതിന് പിന്നാലെയും കൂടിയാണ് ഈ നടപടി.

ഏതെങ്കിലും കാരണം കൊണ്ട് സർക്കാർ സ്ഥാപനങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ റിഡംപ്‌ഷൻ ഫണ്ടിൽ നിന്നാണ് സർക്കാർ പണം നൽകേണ്ടത്. സർക്കാർ ഗ്യാരന്റിയുടെ പുറത്താണ് സ്ഥാപനങ്ങൾ വായ്പ എടുക്കാറുള്ളത്. ഇവ കൃത്യമായി അടച്ചുപോകാറുള്ളതിനാൽ സർക്കാരിന് ബാധ്യത ഉണ്ടാകാറില്ല.

Content Highlights: Central Government cuts 3300 crore to kerala

dot image
To advertise here,contact us
dot image