പതിവ് തെറ്റിച്ചില്ല, ടോം ക്രൂസ് ഞെട്ടിച്ചു; ആക്ഷൻ സീനുകളിൽ 'മിഷൻ ഇമ്പോസിബിൾ' അമ്പരപ്പിച്ചെന്ന് പ്രതികരണം

ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആണ് സിനിമ നൽകുന്നതെന്നും പതിവ് പോലെ ആക്ഷൻ സീനുകളിൽ ടോം ക്രൂസ് ഞെട്ടിച്ചെന്നുമാണ് പ്രതികരണം

dot image

ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഫ്രാൻഞ്ചൈസ് ആണ് ടോം ക്രൂസ് നായകനായ 'മിഷൻ ഇമ്പോസിബിൾ'. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിലെ എട്ടാമത്തെ സിനിമയും 'മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി'ന്റെ തുടർച്ചയുമായ 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്' ഇന്ന് ഇന്ത്യയിൽ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആണ് സിനിമ നൽകുന്നതെന്നും പതിവ് പോലെ ആക്ഷൻ സീനുകളിൽ ടോം ക്രൂസ് ഞെട്ടിച്ചെന്നുമാണ് പ്രതികരണം. സിനിമയിലെ അണ്ടർവാട്ടർ സീനുകളും പ്ലെയിൻ ഫൈറ്റ് സീനുമെല്ലാം ശ്വാസമടക്കിപ്പിച്ചു കാണേണ്ട അവസ്ഥയാണെന്നുമാണ് സിനിമ കണ്ട ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിരുന്നു. സിനിമ ആദ്യ ദിനം ഇന്ത്യയിൽ നിന്നുമാത്രം 20 കോടിയോളം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. രണ്ട് മണിക്കൂർ 49 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

'മിഷൻ ഇമ്പോസിബിൾ' സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. 1996 ലാണ് ആദ്യത്തെ 'മിഷൻ ഇമ്പോസിബിൾ' ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Mission: Impossible – The Final Reckoning first reviews out now

dot image
To advertise here,contact us
dot image