
മലപ്പുറം: കാളികാവിൽ ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ അക്രമിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. ഗഫൂറിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
ഗഫൂറിന്റെ ഭാര്യയ്ക്ക് ഉടൻ തന്നെ നഷ്ടപരിഹാരവും ജോലിയും നൽകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. തുടർന്ന് പ്രദേശത്ത് കനത്ത പ്രതിഷേധമുണ്ടായി. കടുവയുടെ കാൽപ്പാട് മുൻപും കാണിച്ചുകൊടുത്തിരുന്നു. എന്നാൽ വനംവകുപ്പ് നടപടി എടുത്തില്ലെന്നും ഈ കടുവയെ വെടിവെച്ചുകൊല്ലണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനൊടുവിൽ വനംവകുപ്പ് ഗഫൂറിന്റെ ഭാര്യയ്ക്ക് താൽക്കാലിക ജോലി നൽകാമെന്ന് ഉറപ്പ് നൽകി. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകാനും തീരുമാനിച്ചു. ബാക്കി അഞ്ച് ലക്ഷം പിന്നീട് കൈമാറും.
ഇന്ന് രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങിനെത്തിയ രണ്ടുപേര്‍ക്ക് നേരെയാണ് കടുവ പാഞ്ഞടുത്തത്. ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാൽ ഗഫൂറിനെ കടുവ കടിച്ചുവലിച്ചു.
കടുവയാണോ പുലിയാണോ ആക്രമിച്ചതെന്ന് ആദ്യം സംശയമുണ്ടായിരുന്നു. എന്നാൽ കടുവ തന്നെയാണ് ആക്രമിച്ചതെന്ന് പ്രദേശവാസികൾ ഉറപ്പിക്കുകയായിരുന്നു. നേരത്തെ മുതല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളര്‍ത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഇതോടെ പ്രദേശത്തുള്ളവര്‍ ആട് വളര്‍ത്തല്‍ നിര്‍ത്തുന്ന അവസ്ഥയായിരുന്നുവെന്നും പറഞ്ഞിരുന്നു.
Content Highlights: Forest Department provides work and money for malappuram tiger attack victims wife