

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ മത്സരരംഗത്ത് നിന്ന് പിന്മാറാതെ പ്രമുഖ യുഡിഎഫ് വിമതർ. ഒമ്പത് വിമത സ്ഥാനാര്‍ത്ഥികളാണ് കൊച്ചി കോർപ്പറേഷനിൽ മത്സരിക്കുന്നത്. സിറ്റിംഗ് കൗൺസിലർ മാലിനി കുറുപ്പ്, യുഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം ചെയർമാൻ ജോസഫ് അലക്സ്, ചുള്ളിക്കലിലെ സിറ്റിംഗ് കൗൺസിലർ ബാസ്റ്റിൻ ബാബു എന്നിവരാണ് മത്സരിക്കുന്ന പ്രധാനപ്പെട്ട പ്രമുഖർ.
മാനശ്ശേരി ഡിവിഷനില്‍ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജുവും മുണ്ടന്‍വേലി ഈസ്റ്റ് ഡിവിഷനിൽ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് ആഷ്‍ലിയും മത്സരിക്കും. മൂലംകുഴി ഡിവിഷന്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സോണിയും പള്ളുരുത്തിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ബ്ലോക്ക് സെക്രട്ടറിയുമായ ഹസീനയും മത്സരിക്കും.
വിമതരായി മത്സരിക്കുന്നവരുടെ പത്രിക പിൻലവിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യുഡിഎഫിൻ്റെ സമവായ നീക്കങ്ങൾ ഫലം കണ്ടില്ല.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ വിമത ഭീഷണിയിൽ പ്രതികരണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തി. പത്രിക പിൻവലിക്കാത്തവരെ പുറത്താക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കുറച്ചു പേരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കാൻ സാധിച്ചു. വിജയസാധ്യത നോക്കിയാണ് സ്ഥാനാർത്ഥികളെ നിർണ്ണയിച്ചതെന്നും ജനറൽ സീറ്റിൽ വനിതകൾ മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.
കൊച്ചി കോർപ്പറേഷന് പുറമെ കണ്ണൂരിലും വിമതർ യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കെതിരെ വിമതർ നൽകിയ പത്രിക പിൻവലിച്ചില്ല. കോൺഗ്രസിൻ്റെ പി ഇന്ദിരയ്ക്ക് എതിരെ പയ്യാമ്പലത്ത് വിമത സ്ഥാനാർത്ഥിയായി കെഎം ബിന്ദു മത്സരിക്കും. ലീഗിൻ്റെ കെ പി താഹിറിന് എതിരെ വിമതയായി റയീസ് അസ്അദിരംഗത്തുണ്ട്. റിജിൽ മാക്കുറ്റിക്കെതിരെ ആദി കടലായിയിൽ ലീഗ് വിമത സ്ഥാനാർത്ഥിയും മത്സരിക്കും.
Content Highlight : UDF's persuasion move did not bear fruit; rebel candidates in nine seats in Kochi Corporation