
മലപ്പുറം: ബസ് ജീവനക്കാരൻ യാത്രാക്കാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി. വഴിക്കടവ് സ്വദേശി അലൻ തോമസിനെയാണ് ബസ് ക്ലീനർ മർദിച്ചത്. ബെംഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന ടൂറിസ്റ്റ് ബസിലായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് പന്ത്രണ്ടാം തീയതി രാത്രി ഏഴ് മണിക്ക് പുറപ്പെട്ട ബസിൽ നിലമ്പൂർക്കുള്ള യാത്രക്കാരനായിരുന്നു മർദനമേറ്റ അലൻ തോമസ്.
യാത്രക്കിടെ പുലർച്ചെ 4.30 ആയപ്പോഴേക്കും മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീനർ അനീഷ് അതിന് വഴങ്ങിയില്ല. എന്നാൽ മൂത്രശങ്ക രൂക്ഷമായതോടെ ബസ് നിർത്തണമെന്ന് അലൻ വീണ്ടും ആവശ്യപ്പെട്ടതോടെ അനീഷ് അസഭ്യം പറയുകയായിരുന്നെന്ന് അലൻ പറഞ്ഞു.
പിന്നീട് ഡ്രൈവർ സ്വമേധയാ ബസ് നിർത്തിക്കൊടുക്കുകയായിരുന്നു. തുടർന്ന് 7:30ന് നിലമ്പൂരിൽ ബസ് എത്തുകയും അലൻ പുറത്തിറങ്ങി ലഗേജ് എടുക്കുന്ന സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ ക്ലീനർ അനീഷ് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നും അലൻ പറഞ്ഞു. ക്ലീനറുടെ ആക്രമണത്തിൽ നിലത്ത് വീണ അലനെ ഇയാൾ വീണ്ടും മർദിക്കുകയായിരുന്നു. തന്റെ ടീ ഷർട്ട് വലിച്ച് കീറിയെന്നും അലൻ ആരോപിച്ചു. സംഭവത്തിൽ ബസിന്റെ ക്ലീനർ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlight:The passenger was brutally beaten by the cleaner for asking him to stop the bus to urinate