
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ പ്രതിപ്പട്ടികയിൽ നിന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും നഗരസഭ ചെയർമാനുമായ സക്കീർ ഹുസൈന്റെ പേര് പൊലീസ് നീക്കും. സിപിഐഎം വിട്ട് സിപിഐയിൽ ചേർന്ന റോബിൻ ജോണിനെ ആക്രമിച്ച കേസിലാണ് സക്കീർ ഹുസൈന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തിയത്.
ബൈക്കിൽ എത്തിയ മൂന്നുപേർ തന്നെ വടിവാളുകൊണ്ട് വെട്ടി എന്നായിരുന്നു റോബിൻ ജോണിന്റെ മൊഴി. എന്നാൽ റോബിൻ ജോണിന് ഏറ്റ പരിക്ക് മാരകായുധം കൊണ്ടല്ലെന്നാണ് ചികിത്സിച്ച ഡോക്ടറുടെ മൊഴി. റോബിൻ ജോണിന് നേരെ ആക്രമണം ഉണ്ടായത് രാത്രി ഒമ്പതരയ്ക്കാണെന്നും എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ റോബിൻ ചികിത്സ തേടിയത് രാത്രി പതിനൊന്നരയ്ക്കാണെന്നുമാണ് പൊലീസിൻ്റെ വിശദീകരണം. റോബിൻ ജോണിനെ ഒരാൾ മാത്രമാണ് ആക്രമിച്ചതെന്ന് സാക്ഷിയും മൊഴി നൽകിയിട്ടുണ്ട്. അതേ സമയം, പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസിന് മേൽ സിപിഐഎം നേതൃത്വത്തിന്റെ സമ്മർദ്ദമുണ്ടായിട്ടുണ്ടെന്നും തനിക്കെതിരെ വീണ്ടും ഭീഷണി ഉയരുന്നുണ്ടെന്നും റോബിൻ ജോൺ ആരോപിച്ചു.
സിപിഐഎം വിട്ട് സിപിഐയിലെത്തിയ റോബിൻ ജോണിനാണ് വെട്ടേറ്റത്. റോബിന്‍റെ പരാതിയിൽ നഗരസഭ ചെയർമാനും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ സക്കീർ ഹുസൈനെ ഉൾപ്പെടെ പ്രതിചേർത്ത് പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും ഒരുവിഭാഗം സിപിഐഎം നേതാക്കളുടെ സമ്മർദ്ദത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് മുൻപും റോബിൻ ആരോപണം ഉന്നയിച്ചിരുന്നു.
നഗരസഭാ കൗൺസിലറായ ആർ സാബുവും കേസിൽ പ്രതിയാണ്. റോബിൻ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നപ്പോഴും പുറത്ത് വന്നപ്പോഴുമെല്ലാം പാർട്ടി നേതാക്കളെ ഉൾപ്പടെ വിമർശിച്ച് പോസ്റ്റിട്ടിരുന്നു. ഏറ്റവും ഒടുവിലായി കേസിലെ പ്രതിയായിരുന്ന സക്കീർ ഹുസൈനെതിരെയായിരുന്നു പോസ്റ്റിട്ടിരുന്നത്. ഇതിൽ പ്രകോപിതനായാണ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് റോബിൻ്റെ പരാതി.
Content Highlights- Case of attack on former CPM branch secretary; Decision to remove the municipality chairman from the list of accused