കളമശ്ശേരി സ്‌ഫോടന കേസ്: സാക്ഷി പറയുന്ന 'യഹോവ സാക്ഷി' വിശ്വാസികൾക്ക് നേരെ വധഭീഷണി സന്ദേശം

വാട്‌സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്

dot image

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും ഭീഷണിയിലുണ്ട്. 12ന് രാത്രി വാട്‌സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്.

കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണിയുണ്ട്. മലേഷ്യന്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2023 ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.


സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ താനാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയായിരുന്നു. സ്ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.

വീട്ടില്‍ വെച്ചാണ് ഇയാള്‍ സ്ഫോടക വസ്തു തയ്യാറാക്കിയത്. രണ്ട് മാസം മുമ്പേ സ്ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കി പഠിച്ചു. സ്ഫോടനത്തിന്റെ തലേദിവസം ബോംബ് നിര്‍മ്മിച്ചു. പുലര്‍ച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടില്‍ നിന്ന് ഇറങ്ങി. രാവിലെ ഏഴരയോടെ സാമ്ര കണ്‍വന്‍ഷന്‍ സെന്ററിലെ പ്രാര്‍ത്ഥനാ ഹാളിലെത്തി. സ്‌കൂട്ടറിലാണ് എത്തിയത്. കസേരകള്‍ക്കിടയിലാണ് ബോംബ് വെച്ചു. നാല് റിമോട്ടുകള്‍ വാങ്ങിയിരുന്നു അതില്‍ രണ്ടെണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും ഡൊമിനികിന്റെ മൊഴിയിലുണ്ട്. ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി നല്‍കിയിരുന്നു.

Content Highlights: Death threat to witness of Kalamassery blast report

dot image
To advertise here,contact us
dot image