'രേഖകളെങ്കിലും തിരിച്ച് തരൂ….'; മനസ്സലിയാതെ സ്കൂട്ടർ മോഷ്ടാവ്, അഭ്യർത്ഥനയുമായി യുവതി

ആശുപത്രിയിൽ പോകാനായി സ്കൂട്ടറെടുക്കാൻ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്

dot image

പന്തളം: സ്കൂട്ടർ മോഷ്ടിച്ചവരോട് രേഖകൾ തിരികെത്തരണമെന്നാവശ്യപ്പെട്ട് ഉടമയായ വനിത. കുരമ്പാല കുറ്റിവിളയിൽ കെ എസ് ഗിരീഷ് കുമാറിന്റെ ഭാര്യ ശ്രീജ ഗിരീഷാണ് തന്റെ രേഖകൾ സ്പീഡ് പോസ്റ്റ് വഴിയോ കൊറിയറിലൂടെയോ അയച്ചു നൽകണമെന്ന് മോഷ്ടാക്കളോട് ആവശ്യപ്പെട്ടത്. വീഡിയോയിലൂടെയാണ് ശ്രീജയുടെ അഭ്യർത്ഥന. പൊലീസിൽ പരാതി നൽകി ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ വഴി തേടിയത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലാണ് വീഡിയോ തയാറാക്കിയത്.

സ്കൂട്ടർ സ്റ്റാർട്ടാക്കാതെ ഉരുട്ടിക്കൊണ്ട് പോകുന്നത് ഉൾപ്പെടെയുള്ള മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതെല്ലാം ചേർത്ത് ശ്രീജയുടെ ശബ്ദസന്ദേശം ഉൾപ്പെടുത്തിയുള്ളതാണ് വീഡിയോ. വീഡിയോ പലരും ഷെയർ ചെയ്തെങ്കിലും മോഷ്ടാവിന്റെ യാതൊരു വിവരവുമില്ല. ആധാർ കാർഡ്, പാൻ കാർഡ് എന്നിവയടക്കം പല വിലപ്പെട്ട രേഖകളും വായ്പ വാങ്ങിയ 7500 രൂപയും സ്കൂട്ടറിൽ സൂക്ഷിച്ചിരുന്നു. രണ്ട് മാസം മുൻപ് മരിച്ച ശ്രീജയുടെ അച്ഛന്റെ ആധാർ കാർഡും നഷ്ടപ്പെട്ടവയിലുണ്ട്.

കുരമ്പാല കാണിക്കവഞ്ചി ജം‌ഗ്ഷനിൽ കുടുംബശ്രീ ഹോട്ടൽ നടത്തുകയാണ് ശ്രീജ. മെയ് ഒന്നിന് രാവിലെ ഏഴോടെ ആശുപത്രിയിൽ പോകാനായി സ്കൂട്ടറെടുക്കാൻ വന്നപ്പോഴാണ് മോഷണ വിവരം ശ്രീജ അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. സിസിടിവി പരിശോധനയിൽ അന്നു പുലർച്ചെ 3.50-ന് മോഷണം നടന്നതായി വ്യക്തമായിരുന്നു.

ഹോട്ടലിലെ കാര്യങ്ങൾക്കെല്ലാം ഈ സ്കൂട്ടറാണ് ഉപയോഗിച്ചിരുന്നതെന്നും രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർഗമാണ് ഹോട്ടലെന്നും ശ്രീജ പറയുന്നു. ഇവിടത്തെ ജോലിത്തിരക്കിനിടയിൽ പുതിയ ആധാർ‍ കാർഡ് ഉൾപ്പെടെ സംഘടിപ്പിക്കുക ശ്രമകരമാണ്. 2018-ൽ വാങ്ങിയതാണ് കെഎൽ 26 എച്ച് 4608 സ്കൂട്ടർ. പണവും സ്കൂട്ടറും തിരികെ നൽകിയില്ലെങ്കിലും രേഖകൾ തിരികെ വേണമെന്നാണ് ശ്രീജയുടെ ആവശ്യം.

Content Highlights: man theft scooter with woman's important documents

dot image
To advertise here,contact us
dot image