പാകിസ്താന്റെ വെടിനിർത്തൽ ലംഘനം; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം, ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ

ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടന്നിരുന്നു

dot image

ന്യൂഡൽഹി: അതിർത്തിയിൽ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്താൻ വീണ്ടും പ്രകോപനം ആവർത്തിച്ച സാഹചര്യം ഇന്ന് കേന്ദ്ര സർക്കാർ വിലയിരുത്തും. ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.

വെടിനിർത്തൽ ധാരണയുടെ ലംഘനമാണ് പാകിസ്താൻ നടത്തിയതെന്ന് രാത്രി വൈകി വാർത്താ സമ്മേളനം വിളിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ഇത് ഗൗരവമായ സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താൻ മിലിട്ടറി ഓപ്പറേഷൻ ഡിജിയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചർച്ചയിലാണ് ഇന്നലെ വെടിനിർത്തൽ ധാരണയിൽ ഇരുരാജ്യങ്ങളും എത്തിയത്. നാളെ ഇതുസംബന്ധിച്ച ചർച്ചക്കായി ഡിജിഎംഒ തല കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. അതിനിടയിലാണ് പാകിസ്താൻ പ്രകോപനം ആവർത്തിച്ചത്.

സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ നടന്നേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കാണാൻ സാധ്യതയുണ്ട്. തൽക്കാലം നിലവിൽ തുടരുന്ന സംരക്ഷാ ക്രമീകരണങ്ങൾ പിൻവലിക്കാൻ സാധ്യതയില്ല.

വെളളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സൈനിക നടപടികൾ നിർത്തിവെച്ചതായി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചിരുന്നു.

അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ അം​ഗീകരിച്ചെന്ന വിവരം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ സ്ഥിരീകരണം വരുന്നതിന് മുൻപ് തന്നെ അറിയിച്ചിരുന്നു. പിന്നാലെ വികം മിസ്രി വാർത്താ സമ്മേളനത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായും പ്രഖ്യാപിച്ചു. എന്നാൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു.

Content Highlights: central government will assess the situation after Pakistan's ceasefire breach

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us