
കൊല്ലം: ലൈഫ് മിഷന്‍ പദ്ധതയില്‍ വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ കൈമാറ്റത്തിനായി രജിസ്റ്ററേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കി. വിലകൊടുത്ത് വാങ്ങിയതോ സമ്മാനമായി ലഭിച്ചതോ സെറ്റില്‍മെന്റ് ഡീഡ് വഴിയോ മറ്റേതെങ്കിലും വഴിയോ ലഭിച്ച ഭൂമിക്ക് ഈ ഇളവ് ലഭിക്കും. ജൂലൈ 23 മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് ഇളവ് അനുവദിച്ചത്.
അതേ സമയം, അപേക്ഷിക്കുന്ന വ്യക്തി ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്താവാണെന്നും ഭൂമി ലൈഫ് മിഷനായി നീക്കി വെച്ചതാണെന്നും ഉറപ്പ് വരുത്തുന്നതിന് തഹസില്‍ദാരില്‍ കുറയാത്ത ഉദ്യോഗസ്ഥനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് തേടണമെന്ന നിബന്ധന വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇതിനായി അപേക്ഷ നല്‍കിയാല്‍ വിവരശേഖരണത്തിനായി തദ്ദേശവകുപ്പിനെ ആശ്രയിക്കേണ്ടി വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിലവിൽ ജോലിഭാരം കൂടുതലുള്ള തഹസില്‍ദാര്‍മാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്. വലിയ താലൂക്കുകളിലെ അപേക്ഷകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന ആശങ്കയും പങ്കുവെയ്ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഭൂമിസംബന്ധമായ വിഷയമായതിനാല്‍ റവന്യൂ വകുപ്പ് തന്നെ സര്‍ട്ടിഫക്കേറ്റ് നല്‍കണമെന്നാണ് മറു വാദം.
Content Highlights- Life Mission project; Stamp duty and fees for land transfer waived