
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തീരുമാനിച്ചതിന് പിന്നിൽ പാർട്ടിയുടെ കൂട്ടായ ആലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി അധ്യക്ഷനെ തീരുമാനിച്ചതിൽ സഭാ നേതൃത്വത്തിന് പങ്കില്ലായെന്നും എല്ലാവരുടെയും പ്രതിനിധിയാണ് പുതിയ അധ്യക്ഷനെന്നും വി ഡി സതീശൻ പറഞ്ഞു.
പാർട്ടിയെ നയിക്കാൻ പ്രാപ്തനായ ആളാണ് നേതൃത്വത്തിലേക്ക് വന്നത്. ഇത് ഏറ്റവും സന്തോഷകരമായ തീരുമാനമാണ്. മൂന്നാം തവണ എംഎൽഎയായ ആളാണ് സണ്ണി ജോസഫ് അതിലുപരി ഏറ്റവും മികച്ച പാർലമെൻ്റേറിയനുമാണ്. പലപ്പോഴും പാർലമെൻ്റിൽ പല വിഷയങ്ങളും സംസാരിക്കാൻ സണ്ണി ജോസഫിനെ ഏൽപ്പിക്കാറുണ്ട്. അങ്ങനെ പല കാരണങ്ങൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും വിഡി സതീശൻ പറഞ്ഞു.
'സുധാകരേട്ടൻ പാർട്ടിയുടെ മുൻ നിരയിൽ തന്നെയുണ്ടാവും. വിഎൻ സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഒക്കെ ഉണ്ടാവുന്ന പോലെ തന്നെ സുധാകരേട്ടനും പാർട്ടിയിലുണ്ടാവും. മാധ്യമങ്ങൾ പലതും പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാനും സുധാകരേട്ടനും ഇന്ന് വരെ പിണങ്ങിയിട്ടില്ല' വി ഡി സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം, കെപിസിസി കമ്മിറ്റിയിലെ പുതിയ പ്രഖ്യാപനം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ തുടക്കമായി കണ്ടോളൂവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫിനെ പുതിയ കെപിസിസി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചത്. നിലവില്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കും.
അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെ പദവിയില്‍ നിന്നൊഴിവാക്കി.
പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ പി സി വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില്‍ നിന്നു നീക്കി. ബിഹാറിലെ മുന്‍ പിസിസി അദ്ധ്യക്ഷന്‍ ഡോ. അഖിലേഷ് പ്രസാദ് സിങും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
Content Highlighhts- 'Sunny Joseph is an excellent parliamentarian, Sudhakarettin will remain in the forefront of the party' VD Satheesan