വേളത്ത് മുസ്‌ലിംലീഗ് നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം; പിഎംഎ സലാമിനും പാറക്കൽ അബ്ദുള്ളയ്ക്കുമെതിരെ പ്രകടനം

പിഎംഎ സലാമിനും പാറക്കല്‍ അബ്ദുളളയ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

dot image

കോഴിക്കോട്: കുറ്റ്യാടിയില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം. ജനറൽ സെക്രട്ടറി പിഎംഎ സലാമിനും മുൻ എംഎൽഎ പാറക്കല്‍ അബ്ദുളളയ്ക്കുമെതിരെയാണ് ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. കുറ്റ്യാടി വേളം പഞ്ചായത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരായ പരസ്യപ്രകടനം നടന്നത്.

കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി കെ സി മുജീബ് റഹ്‌മാനെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെയാണ് പ്രതിഷേധം. വേളം പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചതിനു പിന്നാലെയാണ് മണ്ഡലം ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തത്. പിഎംഎ സലാമിനും പാറക്കല്‍ അബ്ദുളളയ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.

സംഘടനാ തീരുമാനങ്ങളോട് സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് മുജീബ് റഹ്മാനെ സസ്പെന്‍ഡ് ചെയ്തത്. വേളം പഞ്ചായത്ത് ഭരണത്തില്‍ യുഡിഎഫ് മുന്നണി ധാരണയുമായി ബന്ധപ്പെട്ടാണ് ലീഗില്‍ ഭിന്നത ഉടലെടുത്തത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മാറുന്നതിലായിരുന്നു തർക്കം. തുടർന്ന് യുഡിഎഫിന് ഭൂരിപക്ഷമുളള പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുസ്ലിം ലീഗ് വേളം പഞ്ചായത്ത് പിരിച്ചുവിട്ടതും കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി കെ സി മുജീബ് റഹ്‌മാനെ സസ്‌പെന്‍ഡ് ചെയ്തതും.

Content Highlights: Muslim league workers protest against pma salam in Kuttiady

dot image
To advertise here,contact us
dot image