പോത്തിന് എന്ത് ഏത്തവാഴ എന്നതുപോലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ത് യുദ്ധം: അബിന്‍ വര്‍ക്കി

അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളം പാകിസ്താനെതിരെ പോരാടുമ്പോള്‍ രാജ്യത്തിനുളളില്‍ വിഘടനമുണ്ടാക്കുന്ന ഏത് നടപടിയും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു

dot image

കണ്ണൂര്‍: മലപ്പട്ടണത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധി സ്തൂപം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. സിപിഐഎമ്മിന്റെ രാഷ്ട്രീയ തീവ്രവാദത്തിന്റെ അവസാനത്തെ ഉദാഹരണമാണ് മലപ്പട്ടണത്ത് കണ്ടതെന്നും കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ലെന്ന സിപിഐഎമ്മിന്റെ തിട്ടൂരം വിലപ്പോവില്ലെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളം പാകിസ്താനെതിരെ പോരാടുമ്പോള്‍ രാജ്യത്തിനുളളില്‍ വിഘടനമുണ്ടാക്കുന്ന ഏത് നടപടിയും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പറഞ്ഞ അബിന്‍, പോത്തിന് എന്ത് ഏത്തവാഴ എന്നതുപോലെയാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ത് യുദ്ധം എന്നും പരിഹസിച്ചു.


സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന സിപിഐഎം നേതാവ് എം സ്വരാജിന്റെ കുറിപ്പിനെയും അബിന്‍ വിമര്‍ശിച്ചു. ഇന്ത്യാ- ചൈന യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യ പ്രകോപിപ്പിച്ചതാണ് യുദ്ധകാരണം എന്ന് വാദിച്ച രണദേവയുടെയും ഇഎംഎസിന്റെയും ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെയും എകെജിയുടെയും പിന്മുറക്കാര്‍ ഇങ്ങനെ ചെയ്തില്ലെങ്കിലേ അതിശയമുളളുവെന്നും അങ്ങനെയുളളവര്‍ അതുകൊണ്ടുതന്നെ യുദ്ധം ഉണ്ടാകുമ്പോള്‍ മുകുന്ദന്റെ ഗാഥകള്‍ വായിച്ച് സമാധാന വാഹകരാകും. രാഷ്ട്രീയത്തിലായാലും മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ എന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

അബിൻ വർക്കിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം-

മലപ്പട്ടണത്ത് യൂത്ത് കോൺഗ്രസ്‌ നേതാവ് സനീഷിന്റെ വീട്ടിൽ ഉണ്ടായത് സി.പി.എംന്റെ രാഷ്ട്രീയ തീവ്രവാദത്തിന്റെ അവസാനത്തെ ഉദാഹരണമാണ്. കോൺഗ്രസുകാരൻ ആയതിന്റെ പേരിൽ പൊതുപ്രവർത്തനം നടത്താൻ സാധിക്കില്ല എന്ന സി.പി.എം ന്റെ തീട്ടൂരം ഒന്നും ഇവിടെ വിലപോവില്ല. ഗാന്ധി സ്തൂപവും രാജീവ് ഗാന്ധി സ്തൂപവും കൂടെ തകർക്കപ്പെട്ടു. അതിർത്തിയിൽ ഇന്ത്യൻ പട്ടാളം പാകിസ്ഥാന് എതിരെ പോരാടുമ്പോൾ രാജ്യത്തിനു ഉള്ളിൽ വിഘടനം ഉണ്ടാക്കുന്ന ഏത് നടപടിയും അത് എത്ര ചെറുതാണ് എങ്കിൽ പോലും മാപ്പർഹിക്കാത്ത കുറ്റമാണ്.

പോത്തിന് എന്ത് ഏത്ത വാഴ എന്നത് പോലെ കമ്മ്യൂണിസ്റ്റ്‌കാർക്ക് എന്ത് യുദ്ധം. അല്ലെങ്കിലും ഇന്ത്യ ചൈന യുദ്ധം ഉണ്ടായപ്പോ ഇന്ത്യ പ്രകോപിപ്പിച്ചതാണ് യുദ്ധ കാരണം എന്ന് വാദിച്ച രണദേവയുടെയും, ഇ.എം.സിന്റെയും, ഹർകിഷൻ സിംഗ് സുർജിത്തിന്റെയും, എ.കെ.ജി യുടെയും പിന്മുറക്കാർ ഇങ്ങനെ ചെയ്തില്ലെങ്കിലേ അതിശയമുള്ളൂ. അങ്ങനെയുള്ളവർ അത് കൊണ്ട് തന്നെ യുദ്ധം ഉണ്ടാകുമ്പോ മുകുന്ദന്റെ ഗാഥകൾ വായിച്ചു സമാധാന വാഹകർ ആകും.

രാഷ്ട്രീയത്തിലായാലും മത്തം കുത്തിയാൽ കുമ്പളം മുളയ്ക്കില്ലലോ..

എം സ്വരാജിന്റെ കുറിപ്പിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പ്രതികരിച്ചിരുന്നു. അതിര്‍ത്തിക്കപ്പുറത്തേക്ക് പോകും മുന്‍പ് അങ്ങേയ്ക്ക് സംഘടനാപരമായ ഉത്തരവാദിത്വമുള്ള കണ്ണൂരിലേക്ക് സ്വരാജ് ഒന്നുപോകണമെന്നാണ് രാഹുലിന്റെ പ്രതികരണം. രാജ്യം യുദ്ധസഹജമായ അടിയന്തര സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇന്നത്തെ ദിവസം പോലും കണ്ണൂരിലെ മലപ്പട്ടം പഞ്ചായത്തില്‍ താങ്കളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗാന്ധി സ്തൂപം തകര്‍ക്കുകയും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സനീഷ് പിആറിന്റെ വീട് ആക്രമിക്കുകയും ചെയ്‌തെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പാകിസ്ഥാൻ ഇന്ത്യയോട് കാണിക്കുന്ന ഭീകരപ്രവർത്തനം ഒരിക്കൽപോലും കാണാതെ, അനിവാര്യമായ ഇന്ത്യയുടെ തിരിച്ചടിയുണ്ടായുമ്പോൾ മാത്രം യുദ്ധത്തിനെതിരായ സമാധാനത്തിന്റെ സന്ദേശവാഹകൻ ആകുന്ന എം സ്വരാജ്, ഇടക്കൊക്കെ ഈ സമാധാന സന്ദേശം സ്വന്തം പാർടിയിലെ ഭീകരവാദികൾക്കും പറഞ്ഞു കൊടുക്കുന്നത് അങ്ങയുടെ കാപട്യം കുറയ്ക്കാൻ സഹായിക്കും…

ഏറ്റവും ചുരുങ്ങിയത് രാജ്യത്തിന്റെ അതിർത്തിയിൽ യുദ്ധം പുകയുമ്പോഴെങ്കിലും ആയുധം താഴെ വെക്കാൻ സ്വന്തം പാർട്ടിക്കാരെ ഉപദേശിക്കണം. ഈ കൊലവിളി ഇപ്പോഴെങ്കിലും നിർത്താൻ അവരോട് പറയൂ എന്നും രാഹുല്‍ പറഞ്ഞിരുന്നു.

Content Highlights: Abin varkey against cpm workers attack youth congress worker home kannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us