'തീവ്രവാദത്തിനെതിരായി സർക്കാരും പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ': മുഖ്യമന്ത്രി

പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകളും കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു

dot image

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിയൻ സർക്കാരും പ്രതിരോധ സേനകളും തീവ്രവാദത്തിനെതിരായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം, പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകളും കേന്ദ്രം സ്വീകരിക്കണമെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

'തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം.' മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പഹൽ​ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് പുലര്‍ച്ചെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി തികച്ചും അപ്രതീക്ഷിതമായാണ് ആക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒൻപത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. ആക്രമണം നടത്തിയ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്ന് ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു.

Content Highlights- 'Full support for the measures taken by the government and the defense forces against terrorism'; Chief Minister

dot image
To advertise here,contact us
dot image