ഷുക്കൂറിനും കുടുംബത്തിനും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും: അഡ്വ. അബ്ദുള്‍ കരീം ചേലരി

കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്

ഷുക്കൂറിനും കുടുംബത്തിനും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും: അഡ്വ. അബ്ദുള്‍ കരീം ചേലരി
dot image

കൊച്ചി: അരിയിൽ ഷുക്കൂ‍ർ വധക്കേസിൽ വിചാരണ ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. അബ്ദുൾ കരീം ചേലരി. കൊല്ലപ്പെട്ട ഷുക്കൂറിനും ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരേയും പോകാൻ മുസ്ലിം ലീ​ഗ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ സഹായത്തോട് കൂടി തങ്ങളെല്ലാവരും ഒരുമിച്ച് നിന്ന് പ്രതികൾക്ക് ശിക്ഷവാങ്ങി കൊടുക്കുമെന്നും ഷുക്കൂറിനും, ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടാനുള്ള പോരാട്ടം തുടരുമെന്നും അഡ്വ. അബ്ദുൾ കരീം പറഞ്ഞു. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കേസിലെ വിചാരണ നടപടികളും ആരംഭിച്ചിരിക്കുകയാണ്. എറണാകുളം പ്രത്യേക സിബിഐ കോടതി മൂന്നിലാണ് കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് അരിയില്‍ ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സഖറിയയെ ആണ് പ്രോസിക്യൂഷന്‍ ആദ്യം വിസ്തരിക്കുന്നത്.

ഒന്നാം സാക്ഷിയുടെ വിസ്താരം മൂന്ന് ദിവസം നീളും. വിസ്താരത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ആകെ 21 സാക്ഷികളെ വിസ്തരിക്കും. പ്രതിപ്പട്ടികയിലുള്ള സിപിഐഎം നേതാക്കളായ പി ജയരാജന്‍, ടിവി രാജേഷ് ഉള്‍പ്പടെയുള്ള 31 പ്രതികള്‍ കോടതിയില്‍ ഹാജരായി. അതേസമയം കേസിനെപ്പറ്റി കോടതിക്കകത്താണ് പറയേണ്ടതെന്നായിരുന്നു സിപിഐഎം നേതാവ് പി ജയരാജന്റെ പ്രതികരണം. 2020 ഫെബ്രുവരി 20നാണ് അരിയില്‍ സ്വദേശിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകരായ പ്രതികള്‍ അരിയില്‍ ഷുക്കൂറിനെ തളിപ്പറമ്പ് ചുള്ളിയോട് വയലില്‍ തടങ്കലില്‍ വെച്ച് വിചാരണ നടത്തി കൊലപ്പെടുത്തി എന്നാണ് സിബിഐ കേസ്. കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും മുപ്പത്തിരണ്ടും മുപ്പത്തിമൂന്നും പ്രതികളാണ്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

dot image
To advertise here,contact us
dot image