മെഡിക്കല്‍ കോളേജിലെ പുക: സ്വകാര്യ ആശുപത്രികളിലെ കനത്ത തുക താങ്ങാനാകുന്നില്ലെന്ന് രോഗികളുടെ ബന്ധുക്കള്‍

വെന്റിലേറ്ററില്‍ കഴിയുന്ന പേരാമ്പ്ര സ്വദേശി വിശ്വനാഥന് പ്രതിദിനം അമ്പതിനായിരം രൂപ ഫീസ് ആവശ്യപ്പെട്ടെന്ന് ബന്ധു ആരോപിച്ചു

dot image

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരോട് കനത്ത തുക ഈടാക്കുന്നുവെന്ന് ആരോപണം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഫീസ് താങ്ങാനാകുന്നില്ലെന്നാണ് പരാതി. വെന്റിലേറ്ററില്‍ കഴിയുന്ന പേരാമ്പ്ര സ്വദേശി വിശ്വനാഥന് പ്രതിദിനം അമ്പതിനായിരം രൂപ ഫീസ് ആവശ്യപ്പെട്ടെന്ന് ബന്ധു ആരോപിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റിയ രോഗികളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടില്ലെന്നും പണം അടച്ചില്ലെങ്കില്‍ മറ്റെവിടേക്കെങ്കിലും ഷിഫ്റ്റ് ചെയ്യാന്‍ ആശുപത്രി ആവശ്യപ്പെട്ടെന്നും വിശ്വനാഥന്റെ മകന്‍ പറഞ്ഞു.


'അച്ഛന് സ്‌ട്രോക്കായിരുന്നു. വയ്യാതെ വീണ അച്ഛനെ സെറിബ്രല്‍ ഹെമറ്റോമ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സര്‍ജറി കഴിഞ്ഞു. ആശുപത്രിയില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ അന്വേഷിച്ചപ്പോള്‍ സാധാരണയായി രോഗികളെ റിസീവ് ചെയ്യുന്നതുപോലെയാണ് സ്വീകരിച്ചത്. ചിലവുകള്‍ സര്‍ക്കാര്‍ നോക്കിക്കോളാം എന്ന് ഉത്തരവൊന്നും കിട്ടിയിട്ടില്ല എന്നാണ് പറഞ്ഞത്. 8 രോഗികളെയാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതില്‍ അച്ഛന്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുളളത്. ഒന്നുകില്‍ പണം അടയ്ക്കുക അല്ലെങ്കില്‍ മറ്റെവിടേക്കെങ്കിലും ഷിഫ്റ്റ് ചെയ്യുക എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഒരുദിവസം അമ്പതിനായിരം രൂപ അടയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല'- വിശ്വനാഥന്റെ മകന്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടത്തിൽ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞിരുന്നു. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ആരോഗ്യ മന്ത്രി ഇന്ന് കോഴിക്കോട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. അന്വേഷണത്തിന് ശേഷമേ കൃത്യമായ കാരണങ്ങൾ കണ്ടെത്താനാകുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മെഡിക്കൽ കോളേജിൽ പുക ഉയർന്ന് പരിഭ്രാന്തിയുണ്ടായത് ബാറ്ററി കത്തിയത് മൂലമെന്ന് ഫയർഫോഴ്സ് അറിയിച്ചു. യുപിഎസ് മുറിയിലെ മുപ്പത് ബാറ്ററികളിൽ അഞ്ച് എണ്ണം കത്തിയ നിലയിലാണെന്നാണ് ഫയർഫോഴ്‌സ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം അറിയിച്ചത്. ആകെയുള്ള 38 ബാറ്ററികളിൽ 37 എണ്ണം കത്തിനശിച്ചെന്ന് അധികൃതർ പറയുന്നു.

Content Highlights: Smoke in medical college: cant afford the high cost of private hospitals says patients relatives

dot image
To advertise here,contact us
dot image