
കോഴിക്കോട്: മെഡിക്കൽ കോളേജിൽ പുക ഉയർന്ന് പരിഭ്രാന്തിയുണ്ടായത് ബാറ്ററി കത്തിയത് മൂലമെന്ന് ഫയർഫോഴ്സ്. യുപിഎസ് മുറിയിലെ മുപ്പത് ബാറ്ററികളിൽ അഞ്ച് എണ്ണം കത്തിയ നിലയിലാണെന്നാണ് ഫയർഫോഴ്‌സ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം അറിയിച്ചത്. ആകെയുള്ള 38 ബാറ്ററികളിൽ 37 എണ്ണം കത്തിനിശിച്ചെന്ന് അധികൃതർ പറയുന്നു.
പുക ഉയരുന്നതിന് മുൻപായി മെഡിക്കൽ കോളേജിൽ മൂന്ന് തവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. ഷോർട് സർക്യൂട്ട് മാത്രമാണോ പ്രശ്നം അല്ലെങ്കിൽ ബാറ്ററിയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നസീറ, കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമബംഗാള്‍ സ്വദേശി ഗംഗ എന്നിവർ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ മരിച്ചിരുന്നു. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്റെ മരണത്തിൽ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പുക ഉയർന്നത് മൂലമുണ്ടായ അപകടത്തിന് പിന്നാലെ വെന്റിലേറ്റര്‍ സഹായം നഷ്ടപ്പെട്ടതോടെയാണ് ഗോപാലന്റെ മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗോപാലന്റെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മെഡിക്കല്‍ കോളേജില്‍ മരിച്ച നസീറയുടെ മരണം പുക ഉയര്‍ന്നതിന് ശേഷം വെന്റിലേറ്ററില്‍ നിന്ന് പുറത്തിറക്കിയതിന് പിന്നാലെയാണെന്ന് നസീറുടെ ബന്ധു ആരോപിച്ചിരുന്നു. വാതില്‍ ചവിട്ടി പൊളിച്ചാണ് ഉളളില്‍ കയറിയതെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും ബന്ധു വ്യക്തമാക്കി. വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിന് മുന്നേ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നു. ആരോഗ്യ നിലയില്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും മരുന്നിനോട് പ്രതികരിച്ചിരുന്നെന്നും നസീറയുടെ കുടുംബം പറഞ്ഞു.
Content Highlights: Battery failure lead to kozhikode casuality incident