
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മരിച്ച നസീറയുടെ മരണം പുക ഉയര്‍ന്നതിന് ശേഷം വെന്റിലേറ്ററില്‍ നിന്ന് പുറത്തിറക്കിയതിന് പിന്നാലെയെന്ന് ബന്ധു. പുറത്തിറക്കി 15 മിനിറ്റ് കഴിഞ്ഞാണ് മരണം സംഭവിച്ചതെന്ന് ബന്ധു ആരോപിച്ചു. എമര്‍ജന്‍സി ഡോറുകളില്‍ ഒന്ന് ലോക്ക് ആയിരുന്നുവെന്നും രണ്ടാം വാതില്‍ ചെയിന്‍ ഇട്ട് പൂട്ടിയ നിലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാതില്‍ ചവിട്ടി പൊളിച്ചാണ് ഉളളില്‍ കയറിയതെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും ബന്ധു വ്യക്തമാക്കി. വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിന് മുന്നേ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നു. ആരോഗ്യ നിലയില്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും മരുന്നിനോട് പ്രതികരിച്ചിരുന്നെന്നും ബന്ധു വ്യക്തമാക്കി. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതാണ് മരണകാരണമെന്നാണ് ബന്ധുവിന്റെ ആരോപണം.
അതേസമയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10.30 ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. നസീറയുടെയും ഇന്നലെ മരിച്ച മറ്റൊരാളുടെയും പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. നസീറയെ കൂടാതെ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമബംഗാള്‍ സ്വദേശി ഗംഗ എന്നിവരാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ നിന്ന് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: relative s allegation on death of Naseera in Kozhikode medical college fume incident